പി.എസ്.സി അംഗീകരിച്ചതും യുജിസി മാനദണ്ഡം അനുസരിച്ച് സെലക്ഷന് കമ്മിറ്റി തയ്യാറാക്കിയതുമായ സര്‍ക്കാര്‍ കോളേജുകളിലെ പ്രിന്‍സിപ്പല്‍ പട്ടിക അട്ടിമറിച്ച ഉന്നതവിദ്യാഭ്യാസ മന്ത്രിയെ മുഖ്യമന്ത്രി പുറത്താക്കണമെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന് എംപി. അര്‍ഹരായ 43 പേരുടെ പട്ടികയില്‍ സിപിഎമ്മിനും മന്ത്രിക്കും വേണ്ടപ്പെട്ടവരില്ലാത്തതിന്റെ പേരിലാണ് പട്ടിക അട്ടിമറിക്കാന്‍ മന്ത്രി കൈകടത്തിയത്. പ്രിന്‍സിപ്പല്‍ തസ്തികയിലേക്ക് അപേക്ഷിച്ച 110 പേരില്‍ യുജിസി മാനദണ്ഡങ്ങള്‍ അനുസരിച്ച് യോഗ്യതയുള്ള 43 പേരെയാണ് പിഎസ് സി അംഗീകരിച്ചത്. മന്ത്രിയുടെ ഇഷ്ടക്കാര്‍ പട്ടികയില്‍ ഇടംപിടിക്കാത്തതിനാലാണ് ആ പട്ടികയെ കരടു പട്ടികയായി കണക്കാക്കാനും അപ്പീല്‍ കമ്മിറ്റി രൂപീകരിക്കാനും മന്ത്രി നിര്‍ദ്ദേശം നല്‍കിയത്. ഇല്ലാത്ത അധികാരം ഉപയോഗിച്ച് സിലക്ഷന്‍ കമ്മിറ്റി തയ്യാറാക്കിയ പട്ടികയെ അട്ടിമറിക്കാന്‍ മന്ത്രി ഇടപെട്ടത് ഉന്നതവിദ്യാഭ്യാസ മേഖലയ്ക്കേറ്റ കുത്താണ്.
സിപിഎമ്മിന്റെയും അവരുടെ പോഷകസംഘടനകളുടെയും സമ്മര്‍ദ്ദത്തിന് അനുസരിച്ച് പാവയെപ്പോലെ പ്രവര്‍ത്തിക്കുന്ന മന്ത്രി ഉന്നതവിദ്യാഭ്യാസ മേഖലയെ ഈജിയന്‍ തൊഴുത്താക്കി. പതിനായിരകണക്കിന് വിദ്യാര്‍ത്ഥികളുടെ ഭാവിയാണ് ഈ സര്‍ക്കാര്‍ തുലയ്ക്കുന്നത്. 9 സര്‍വ്വകലാശാലകളില്‍ വിസിമാരും 66 കോളേജുകളില്‍ പ്രിന്‍സിപ്പല്‍മാരുമില്ലാതായിട്ട് നാളെറെയായി. പകരമുള്ള ഇന്‍ ചാര്‍ജ് ഭരണക്കാര്‍ പാര്‍ട്ടിയും എസ്എഫ്ഐയും പറയുന്നത് ശിരസാവഹിക്കുന്നവരാണ്. കടുത്ത ഇടതുപക്ഷക്കാരായ ഇവരെ ഉപയോഗിച്ച് നിരവധി പാര്‍ട്ടിക്കാരെയാണ് അധ്യാപകരായി പലയിടങ്ങളിലും തിരുകിക്കയറ്റിയത്. ആള്‍മാറാട്ടം, വ്യാജ സര്‍ട്ടിഫിക്കറ്റ്, വ്യാജ ബിരുദങ്ങള്‍ തുടങ്ങിയ നിരവധി ആരോപണങ്ങളാണ് സര്‍വകലാശാലകളിലും കോളജുകളിലും ഉണ്ടാകുന്നത്. അത് മുഖ്യമന്ത്രിയുടെ ഓഫീസില്‍ വരെ എത്തിനില്ക്കുന്നെന്നും സുധാകരന് പറഞ്ഞു.