കൊച്ചി: യൂട്യൂബർ കാറിനുള്ളിൽ സ്വിമ്മിങ് പൂൾ ഒരുക്കിയ സംഭവത്തിൽ ഹൈക്കോടതി ഇടപെടൽ. യൂട്യൂബർ സഞ്ജു ടെക്കിക്കെതിരേയെടുത്ത നടപടികളെന്തൊക്കെയാണെന്ന് മോട്ടോർ വാഹന വകുപ്പ് അടുത്ത ആഴ്ച ഹൈക്കോടതിയെ അറിയിക്കണമെന്ന് നിർദേശം. വാഹനങ്ങളിൽ മാറ്റം വരുത്തുന്നവർക്കെതിരേ കർശന നടപടിക്കും ഹൈക്കോടതി ഉത്തരവിട്ടു.
വാഹനങ്ങളിലെ രൂപമാറ്റം, എക്സ്ട്രാഫിറ്റിങുകൾ എന്നിങ്ങനെ എന്തെങ്കിലും തരത്തിലുള്ള മാറ്റം വരുത്തുന്നവരെ കണ്ടെത്തുകയും കർശന നടപടി സ്വീകരിക്കാനുമാണ് കോടതിയുടെ നിർദേശം. വാഹന നിർമാതാക്കൾ പുറത്തിറക്കുന്ന മോഡലുകൾ അല്ലാതെ മറ്റ് ഏതെങ്കിലും തരത്തിലുള്ള മാറ്റങ്ങൾ വരുത്തുന്നവർക്കെതിരേ നടപടികൾ സ്വീകരിക്കണമെന്നാണ് ഹൈക്കോടതി നിർദേശിച്ചിരിക്കുന്നത്.
നേരത്തെ സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകൾക്കെതിരേ ഹൈക്കോടതി കർശന നിലപാട് സ്വീകരിച്ചിരുന്നു. സഞ്ജു ടെക്കിയുടെ സ്വിമ്മിങ് പൂൾ വീഡിയോക്ക് പിന്നാലെ വാഹനങ്ങളിലെ രൂപമാറ്റത്തിനെതിരേ ഹൈക്കോടതി കർശന നിലപാടിലേക്ക് നീങ്ങുകയാണ്. യൂട്യൂബർക്കെതിരേയെടുത്ത നടപടികൾ അടുത്ത വെള്ളിയാഴ്ച ഹൈക്കോടതിയെ അറിയിക്കാനാണ് അറിയിച്ചിരിക്കുന്നത്.