മനാമ: റോയൽ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ ചെയർമാനും ജീവകാരുണ്യ, യുവജനകാര്യത്തിനായുള്ള രാജാവിന്റെ പ്രതിനിധിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ ഹിസ് ഹൈനെസ് ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ ഖലീഫയ്ക്ക് ഓണററി ലീഡർഷിപ്പ് പേഴ്സണാലിറ്റി ഓഫ് ദി ഇയർ അവാർഡ് നൽകി ആദരിച്ചു. രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ നിർദ്ദേശങ്ങൾക്കനുസൃതമായി ബഹ്റൈനിൽ പൗരന്മാർക്കും താമസക്കാർക്കുമായി സേവനമനുഷ്ഠിക്കാൻ നടത്തിയ സമഗ്ര ശ്രമങ്ങൾക്കാണ് ഈ ബഹുമതി.
റീജിയണൽ നെറ്റ്വർക്ക് ഫോർ സോഷ്യൽ റെസ്പോൺസിബിലിറ്റി അംഗമായ ഇന്റർനാഷണൽ ഡോണർ സർവീസ് സെന്ററാണ് പുരസ്കാരം നൽകിയിരിക്കുന്നത്. ഷെയ്ഖ് നാസറിന്റെ അഭാവത്തിൽ റോയൽ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ സെക്രട്ടറി ജനറൽ ഡോ. മുസ്തഫ അൽ സയ്യിദ് അൽ അമീനാണ് അദ്ദേഹത്തിന് വേണ്ടി അവാർഡ് സ്വീകരിച്ചത്.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ബഹ്റൈനിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് “ഫീന ഖൈർ” കാമ്പെയ്നിലൂടെ നിരവധി ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ഷെയ്ഖ് നാസർ സംഭാവന നൽകിയിട്ടുണ്ട്.