
മനാമ: ഗള്‍ഫ് പുരുഷ ബാസ്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പിന് ബഹ്റൈനില്‍ തുടക്കമായി. ബഹ്റൈന്‍ ബാസ്ക്കറ്റ്ബോള്‍ അസോസിയേഷന് അറീനയില്‍ ഇന്നലെ തുടങ്ങിയ ചാമ്പ്യന്‍ഷിപ്പ് സെപ്തംബര്‍ ഏഴിന് അവസാനിക്കും.
സുപ്രീം കൗണ്‍സില്‍ ഫോര്‍ യൂത്ത് ആന്‍ഡ് സ്പോര്‍ട്സിന്റെ പ്രഥമ ഡെപ്യൂട്ടി ചെയര്‍മാനും ജനറല്‍ സ്പോര്‍ട്സ് അതോറിറ്റി (ജി.എസ്.എ) ചെയര്‍മാനും ബഹ്റൈന്‍ ഒളിമ്പിക്സ് കമ്മിറ്റി (ബി.ഒ.സി) പ്രസിഡന്റുമായ ഷെയ്ഖ് ഖാലിദ് ബിന്‍ ഹമദ് അല്‍ ഖലീഫയുടെ രക്ഷാകര്‍തൃത്വത്തിലാണ് ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്തത്.

ഉദ്ഘാടനച്ചടങ്ങില്‍ ബി.ഒ.സി. വൈസ് പ്രസിഡന്റ് ഷെയ്ഖ് ഈസ ബിന്‍ അലി അല്‍ ഖലീഫ, ജനറല്‍ സ്പോര്‍ട്സ് അതോറിറ്റി സി.ഇ.ഒ. ഡോ. അബ്ദുറഹ്മാന് സാദിഖ് അസ്കര്‍, ബി.ഒ.സി. സെക്രട്ടറി ജനറല്‍ ഫാരിസ് അല്‍ കൂഹേജി, ബഹ്റൈന്‍ ബാസ്ക്കറ്റ് ബോള്‍ അസോസിയേഷന് പ്രസിഡന്റ് ക്യാപ്റ്റന്‍ വലീദ് അല്‍ അലവി, സുപ്രീം കൗണ്‍സില്‍ ഫോര്‍ യൂത്ത് ആന്‍ഡ് സ്പോര്‍ട്സ് പ്രസിഡന്റിന്റെ ഉപദേശകനും ചാമ്പ്യന്‍ഷിപ്പിന്റെ സംഘാടക സമിതി പ്രസിഡന്റുമായ മുഹമ്മദ് അല്‍ അജ്മി, ഗള്‍ഫ് ബാസ്ക്കറ്റ്ബോള്‍ ഫെഡറേഷനുകളുടെ പ്രതിനിധികള്‍ എന്നിവരും മറ്റ് അതിഥികളും പങ്കെടുത്തു.
ചാമ്പ്യന്‍ഷിപ്പിന് ബഹ്റൈന്‍ ആതിഥേയത്വം വഹിക്കുന്നതില്‍ അഭിമാനമുണ്ടെന്ന് ഷെയ്ഖ് ഖാലിദ് പറഞ്ഞു. ബഹ്റൈന്‍ ദേശീയ ടീമിനും പങ്കെടുക്കുന്ന എല്ലാ ഗള്‍ഫ് ടീമുകള്‍ക്കും അദ്ദേഹം വിജയാശംസ നേര്‍ന്നു.
