മനാമ: ബഹ്റൈൻ ഷിപ്പ് റിപ്പയറിംഗ് ആൻഡ് എൻജിനീയറിങ് കമ്പനി (ബാസ്റെക്) 60-ാം വാർഷികം ആഘോഷിച്ചു.
ഗൾഫ് ഹോട്ടൽ കൺവെൻഷൻ സെൻ്ററിൽ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ രാജകുമാരൻ്റെ രക്ഷാകർതൃത്വത്തിൽ നടന്ന ചടങ്ങിൽ ഇസ ബിൻ സൽമാൻ എജ്യുക്കേഷൻ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ ബോർഡ് ഓഫ് ട്രസ്റ്റി ചെയർമാനും ലേബർ ഫണ്ടിൻ്റെ (തംകീൻ) ഡയറക്ടർ ബോർഡ് ചെയർമാനുമായ ഷെയ്ഖ് ഈസ ബിൻ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ പങ്കെടുത്തു.
ബഹ്റൈൻ ഇക്കണോമിക് വിഷൻ 2030ന് അനുസൃതമായി സാമ്പത്തിക വൈവിധ്യവൽക്കരണ ശ്രമങ്ങൾ തുടരുന്നതിൻ്റെ പ്രാധാന്യം ചൂണ്ടിക്കാട്ടി, ഈ മേഖലയെ കൂടുതൽ വികസിപ്പിക്കുന്നതിന് രാജ്യം പ്രതിബദ്ധമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ആഘോഷത്തിൻ്റെ ഭാഗമായി ബാസ്റെക്കിൻ്റെ പുതിയ ലോഗോയും ബ്രാൻഡിംഗും പ്രകാശനം ചെയ്തു. കമ്പനിയുടെ പുതിയ ഫ്ലോട്ടിംഗ് ഡോക്ക് പ്രദർശിപ്പിക്കുകയുമുണ്ടായി.
ഈ ചരിത്രനിമിഷം കമ്പനിയുടെ കുടുംബത്തിലെ ഓരോ അംഗത്തിനും, ഈ സ്ഥാപനം കെട്ടിപ്പടുക്കുന്നതിൽ സംഭാവന നൽകിയ എല്ലാവർക്കും അഭിമാനവും ബഹുമാനവും നൽകുന്നതാണെന്ന് ബോർഡ് ചെയർമാൻ ഫൗസി അഹമ്മദ് കാനൂ പറഞ്ഞു.