മനാമ: നവംബർ 13 മുതൽ15 വരെ സഖീറിലെ എയർ ബേസിൽ നടക്കുന്ന ബഹ്റൈൻ ഇൻ്റർനാഷണൽ എയർഷോയുടെ (ബി.ഐ.എ.എസ്) ആദ്യ സംഘാടക സമിതി യോഗം രാജാവിൻ്റെ വ്യക്തിഗത പ്രതിനിധിയും എയർ ഷോയുടെ സുപ്രീം ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാനുമായ ഷെയ്ഖ് അബ്ദുല്ല ബിൻ ഹമദ് അൽ ഖലീഫയുടെ അദ്ധ്യക്ഷതയിൽ ചേർന്നു.
2010ൽ ആരംഭിച്ച എയർ ഷോയുടെ ഇവൻ്റിൻ്റെ ഏഴാം പതിപ്പാണ് നവംബറിൽ നടക്കുന്നത്.എയർഷോയുടെ ഒരുക്കങ്ങളും പദ്ധതികളും യോഗം അവലോകനം ചെയ്തു. എയർഷോയുടെ പ്രാദേശികവും അന്തർദേശീയവുമായ പ്രശസ്തി വർദ്ധിപ്പിക്കുന്നതിനായി വിജയകരമായി അതു നടത്താൻ ലഭ്യമായ എല്ലാ വിഭവങ്ങളും ഉപയോഗിക്കേണ്ടതുണ്ടെന്ന് ഷെയ്ഖ് അബ്ദുല്ല പറഞ്ഞു.
മേജർ ജനറൽ സ്റ്റാഫ് പൈലറ്റും സഖീർ എയർ ബേസ് കമാൻഡറുമായ മുഹമ്മദ് ബഹുസൈൻ അൽ മുസല്ലം, ഫാർൺബറോ ഇൻ്റർനാഷണൽ, ഗതാഗത, ടെലികമ്മ്യൂണിക്കേഷൻ മന്ത്രാലയങ്ങൾ എന്നിവയിലെ മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
സിംഗപ്പൂരിൽനിന്നുള്ള സിറ്റിനിയോൺ ഹോൾഡിംഗ്സ്, ബാപ്കോ എനർജീസ്, ഗൾഫ് എയർ, ആൽബ, ബഹ്റൈൻ ഡ്യൂട്ടി ഫ്രീ, ബഹ്റൈൻ എയർപോർട്ട് സർവീസസ്, ഫസ്റ്റ് മോട്ടോഴ്സ്-ജെനിസിസ്, ഡി.എച്ച്.എൽ, തംകീൻ, അൽ സലാം ബാങ്ക് എന്നിവരുൾപ്പെടെയുള്ള സ്പോൺസർമാർക്ക് അദ്ദേഹം നന്ദി പറഞ്ഞു.
എയർ ഷോയോടനുബന്ധിച്ചുള്ള വ്യാപാര മേഖലയിലേക്ക് പ്രവേശനത്തിന് 10 ദിനാർ നിരക്കിൽ പൊതുജനങ്ങൾക്കുള്ള ടിക്കറ്റുകൾ ഔദ്യോഗിക വെബ്സൈറ്റ് വഴി ലഭ്യമാകും. കുടുംബങ്ങൾക്കും കുട്ടികൾക്കുമുള്ള വിനോദ മേഖലയിൽ പ്രവേശന ഫീസ് 5 ദിനാറാണ്. 16 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമായിരിക്കും.