
മനാമ: ബഹ്റൈന്‍ ഇന്‍ഹെറിറ്റഡ് ട്രഡീഷണല്‍ സ്പോര്‍ട്സ് കമ്മിറ്റി (മൗറൂത്ത്) രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ രക്ഷാകര്‍തൃത്വത്തില്‍ സംഘടിപ്പിച്ച എട്ടാമത് നാസര്‍ ബിന്‍ ഹമദ് മറൈന്‍ ഹെറിറ്റേജ് സ്പോര്‍ട്സ് സീസണിന്റെ സമാപന ചടങ്ങ് നവംബര്‍ 29ന് ബഹ്റൈന്‍ നാഷണല്‍ മ്യൂസിയത്തോട് ചേര്‍ന്നുള്ള പ്രദേശത്ത് നടക്കും.
മൂന്നു മാസം നീണ്ടുനിന്ന മത്സര സീസണിന്റെ സമാപനമായാണ് ഈ ചടങ്ങ് നടക്കുന്നത്. ബഹ്റൈന്റെ സമുദ്ര പൈതൃകത്തെ ആഘോഷിക്കുന്ന നിരവധി പരിപാടികളാണ് ഇതില്‍ ഉള്‍പ്പെടുന്നത്. ഹദ്ദാക്ക് (മത്സ്യബന്ധന) മത്സരം, അല്‍ ഹയര്‍ (മുത്തുച്ചിപ്പി വേര്‍തിരിച്ചെടുക്കല്‍) മത്സരം, പ്രശസ്തമായ പരമ്പരാഗത റോയിംഗ് മത്സരങ്ങള്‍, ഓപ്പണ്‍-വാട്ടര്‍ നീന്തല്‍ (ഹെറിറ്റേജ് നീന്തല്‍) എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. വിവിധ പ്രായക്കാര്‍ക്കും പൈതൃക പ്രേമികള്‍ക്കും വിപുലമായ പങ്കാളിത്തമുണ്ട്.
കൂടാതെ സീസണിലെ ഏറ്റവും മികച്ച മത്സരമായ കിംഗ്സ് കപ്പിനായുള്ള 3,000 മീറ്റര്‍ പരമ്പരാഗത റോയിംഗ് മത്സരവും കടലുമായുള്ള ബഹ്റൈന്റെ ദീര്‍ഘകാല ബന്ധത്തെ പ്രതിഫലിപ്പിക്കുന്ന സാംസ്കാരിക, നാടോടി പ്രകടനങ്ങളും പരിപാടിയിലുണ്ടാകുമെന്ന് മൗറൂത്ത് ചെയര്മാന് ഖലീഫ ബിന്‍ അബ്ദുല്ല അല്‍ ഖ്വൗദ് അറിയിച്ചു.


