തിരുവനന്തപുരം: ലോക ഹീമോഫീലിയ ദിനാചരണം മെഡിക്കൽ കോളേജിൽ തിങ്കൾ പകൽ 12 ന് ആരോഗ്യ മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. മെഡിക്കൽ കോളേജ് അലുമ്നി ഹാളിൽ നടക്കുന്ന ചടങ്ങിൽ കടകംപള്ളി സുരേന്ദ്രൻ എം എൽ എ അധ്യക്ഷനാകും. എൻ എച്ച് എം സ്റ്റേറ്റ് മിഷൻ ഡയറക്ടർ ഡോ രത്തൻ യു ഖേൽക്കർ ഐ എ എസ് മുഖ്യാതിഥിയാകും. ഡി എം ഇ ഡോ എ റംലാ ബീവി, ജോയിന്റ് ഡി എം ഇ ഡോ തോമസ് മാത്യു, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ സാറാ വർഗീസ് . മെഡിക്കൽ കോളേജ് – എസ് എ ടി ആശുപത്രി സൂപ്രണ്ടുമാരും ഹെൽത്ത് സർവീസ് ഡയറക്ടർ ഡോ വി ആർ രാജു , ഡോ ആശാ വിജയൻ, ഡോ ശ്രീനാഥ്, ഡോ ദേവകുമാർ എന്നിവർ പങ്കെടുക്കും. തുടർന്ന് ഹീമോഫീലിയ ബോധവത്കരണ ക്ലാസും ഉണ്ടായിരിക്കും.
സംസ്ഥാനത്തെ രണ്ടായിരത്തോളം വരുന്ന ഹീമോഫീലിയ രോഗികളിൽ 135 ഹീമോഫീലിയ രോഗികളും 20 ഹീമോഫീലിയ അനുബന്ധ രോഗികളും തിരുവനന്തപുരത്താണുള്ളത്. എസ് എ ടി ആശുപത്രിയിലുൾപ്പെടെ സംസ്ഥാനത്ത് നാലു ട്രീറ്റ്മെന്റ് സെന്ററുകളും 10 ജില്ലാ ഡേ കെയർ സെന്ററുകളും എൻ എച്ച് എമ്മിന്റെ ആശാധാര പദ്ധതി വഴി ഹീമോഫീലിയ ചികിത്സയ്ക്കായി പ്രവർത്തിച്ചു വരുന്നു.
