മസ്കത്ത്: ന്യൂനമർദ്ദത്തെ തുടർന്ന് ഒമാന്റെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയ്ക്ക് ബുധനാഴ്ച ശമനമായി. തലസ്ഥാന നഗരമായ മസ്കറ്റ് ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ രാവിലെ മുതൽ തെളിഞ്ഞ കാലാവസ്ഥയാണ് അനുഭവപ്പെട്ടത്. എന്നിരുന്നാലും, വൈകുന്നേരം വീണ്ടും മഴ പെയ്യാൻ തുടങ്ങി. ചൊവ്വാഴ്ച പെയ്ത മഴയിൽ പലയിടത്തും വാദികൾ നിറഞ്ഞൊഴുകുന്നതിനാൽ ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്ന് അധികൃതർ നിർദേശം നൽകിയിട്ടുണ്ട്. വാദികൾ മുറിച്ച് കടക്കരുതെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിർദേശം ലംഘിക്കുന്നവർക്ക് പിഴ ചുമത്തും.
മസ്കറ്റ് ഗവർണറേറ്റിലെ സർക്കാർ, സ്വകാര്യ സ്കൂളുകൾക്ക് ബുധനാഴ്ച അവധിയായിരുന്നു. റോഡുകളിലെ വെള്ളക്കെട്ട് കാരണം പലർക്കും ഓഫീസുകളിലും മറ്റ് സ്ഥലങ്ങളിലും എത്താൻ കഴിഞ്ഞില്ല.
വെള്ളം താഴ്ന്ന പ്രദേശങ്ങളിലെല്ലാം ശുചീകരണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. മുനിസിപ്പാലിറ്റി ജീവനക്കാരുടെ നേതൃത്വത്തിൽ റോഡിലെ ചെളിയും കല്ലും നീക്കി ഗതാഗത യോഗ്യമാക്കി. റോയൽ ഒമാൻ പൊലീസും സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയും സ്ഥിതിഗതികൾ നിരീക്ഷിച്ച് വരികയാണ്. കനത്ത മഴയെ തുടർന്ന് വാഹനത്തിന്റെ വേഗത നിയന്ത്രിക്കണമെന്ന് ആർ.ഒ.പി ആവശ്യപ്പെട്ടിരുന്നു. ഇത്തരം മുന്നറിയിപ്പുകൾ കാരണം വലിയ വാഹനാപകടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.