ഇസ്ലാമാബാദ്: പാകിസ്താനിൽ ശക്തമായ മഴയിൽ 14 മരണം. 26 പേർക്ക് പരിക്കേറ്റു. ഖൈബർ പക്തുന്റഖ്വ പ്രവിശ്യയിലാണ് മഴ കനത്ത നാശം വിതച്ചത്. ദേര ഇസ്മയിൽ ഖാൻ, ഹസാര, മലാകന്ദ് എന്നീ നഗരങ്ങളിലാണ് ശക്തമായ മഴ തുടരുന്നത്. നഗരങ്ങളിലെ താഴ്ന്ന മേഖലകൾ ഇതിനോടകം തന്നെ വെള്ളത്തിനടിയിലായി. റോഡുകളിലും, റെയിൽ പാളങ്ങളിലും വെള്ളം നിറഞ്ഞതിനെ തുടർന്ന് ഗതാഗതം നിർത്തിവെച്ചിരിക്കുകയാണ്.
പലയിടങ്ങളിലും ശക്തമായ മഴയിൽ മണ്ണിടിഞ്ഞു. കാറ്റിലും മഴയിലും നാല് വീടുകൾ പൂർണമായും തകർന്നു. 21 വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിപ്പാർപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
