
ഹോങ്കോങിലെ തായ് പോയിൽ അഗ്നിബാധയുണ്ടായ കെട്ടിട സമുച്ചയത്തിന് തൊട്ടടുത്ത് താമസിക്കുന്ന സ്ത്രീ അഗ്നിബാധയെ കുറിച്ചുള്ള ഞെട്ടിക്കുന്ന അനുഭവം സോഷ്യൽ മീഡിയയിൽ വെളിപ്പെടുത്തിയിരിക്കുന്നതാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. രാജ്യത്തെ പിടിച്ചുകുലുക്കിയ അഗ്നിബാധയിൽ മരിച്ചവരുടെ എണ്ണം 44 ആയി. 279 ഓളം പേരെയാണ് കാണാതായിരിക്കുന്നത്. അഗ്നിബാധയുണ്ടായിരിക്കുന്ന കെട്ടിടസമുച്ചയത്തിൽ നിന്നും 10 മിനിറ്റിൽ താഴെ മാത്രം അകലെയാണ് താൻ താമസിക്കുന്നത് എന്നാണ് യുവതി പറയുന്നത്. അവിടെ സംഭവിച്ചിരിക്കുന്നത് ഹൃദയഭേദകമായ കാര്യമാണ്, താൻ ഈ ട്വീറ്റ് എഴുതുന്ന സമയത്തും തീ കത്തിക്കൊണ്ടിരിക്കുകയാണ് എന്നാണ് യുവതി കുറിക്കുന്നത്.
‘ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടു, പരിക്കേറ്റവരിൽ പലരും പ്രായമായവരാണ്, ഉയർന്ന നിലകളിൽ കുടുങ്ങിയതിനാൽ ആളുകളെ ഇപ്പോഴും കണ്ടെത്താനായിട്ടില്ല… ഇതിനെ ഏറ്റവും ഉയർന്ന അളവിലുള്ള ലെവൽ 5 തീപിടുത്തമായി തരംതിരിച്ചിട്ടുണ്ട്, ഏകദേശം 30 വർഷത്തിനിടയിലുണ്ടായിരിക്കുന്ന ഏറ്റവും മോശം തീപിടുത്തമാണിത് എന്നും പോസ്റ്റിൽ പറയുന്നു. ഈ ദുരന്തത്തെ തുടർന്ന് വരാനിരിക്കുന്ന മാമാ അവാർഡുകൾ വൈകിയേക്കാമെന്നും അവർ പോസ്റ്റിൽ വ്യക്തമാക്കി. നവംബർ 28, 29 തീയതികളിൽ ഹോങ്കോങ്ങിലെ കൈ തക് സ്റ്റേഡിയത്തിൽ വെച്ചാണ് അവാർഡ് ദാന ചടങ്ങ് നടക്കാനിരുന്നത്.
‘സംഭവിച്ചതിൽ ഹോങ്കോങ്ങ് മുഴുവനും അഗാധമായ ദുഃഖത്തിലാണ്, ഇരകൾക്കും ദുരിതമനുഭവിക്കുന്ന എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുന്നു. കെട്ടിടത്തിലുള്ളവർ മറ്റിടങ്ങളിൽ അഭയം തേടുകയും കാണാതായ തങ്ങളുടെ ബന്ധുക്കളെ കുറിച്ച് എന്തെങ്കിലും വിരങ്ങൾ കിട്ടാൻ കാത്തിരിക്കുകയുമാണ്. ഒരു സംഗീത പരിപാടിയേക്കാൾ ജീവനാണ് പ്രധാനം, ദയവായി അത് ഓർമ്മിക്കുക’ എന്നും യുവതി കുറിച്ചു. അതേസമയം, അഗ്നിബാധയുമായി ബന്ധപ്പെട്ട് മൂന്ന് പേർ അറസ്റ്റിലായിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 52 -നും 68 -നും ഇടയിൽ പ്രായമുള്ളവരാണ് അറസ്റ്റിലായ മൂന്ന് പേർ. തീപിടിത്തം ഉണ്ടായ പാർപ്പിട സമുച്ചയത്തിന്റെ അറ്റകുറ്റപ്പണി നടത്തിയിരുന്ന കമ്പനിയുടെ ഉദ്യോഗസ്ഥർ ആണ് അറസ്റ്റിലായത്.


