
മനാമ: ബാങ്കോക്കില്‍നിന്ന് ബഹ്റൈനിലെ ഒരു റസ്റ്റോറന്റിലേക്ക് കഞ്ചാവ് കടത്തിക്കൊണ്ടുവന്ന കേസില്‍ പ്രതികളായ നാലു പേരുടെ വിചാരണ ഹൈ ക്രിമിനല്‍ കോടതിയില്‍ ആരംഭിച്ചു.
മൂന്ന് ഇന്ത്യക്കാരും ഒരു പാക്കിസ്ഥാനിയുമാണ് കേസിലെ പ്രതികള്‍. കേസില്‍ സംശയിച്ച് അറസ്റ്റ് ചെയ്തിരുന്ന മറ്റൊരു ഇന്ത്യക്കാരനെ കഞ്ചാവ് കടത്തില്‍ പങ്കുണ്ടെന്നതിന് ആവശ്യമായ തെളിവ് കണ്ടെത്താത്തതിനാല്‍ കേസില്‍നിന്ന് ഒഴിവാക്കിയിരുന്നു.
ഇതില്‍ ഒന്നും രണ്ടും പ്രതികളായ ഇന്ത്യക്കാര്‍ ആദ്യമായി ബഹ്റൈനിലേക്ക് വന്നവരാണ്. ഇവര്‍ ബാങ്കോക്കില്‍ പോയി 3.35 കിലോഗ്രാം കഞ്ചാവ് സംഘടിപ്പിച്ച് സൂട്ട്കേസില്‍ ഒളിപ്പിച്ച് ബഹ്റൈനില്‍ വന്നിറങ്ങിയപ്പോള്‍ വിമാനത്താവളത്തില്‍വെച്ചാണ് പിടിയിലായത്. ബഹ്റൈനില്‍ റസ്റ്റോറന്റ് നടത്തുന്ന ഒരു ഇന്ത്യക്കാരനും ഒരു പാക്കിസ്ഥാനിയും ഇവരുടെ ഇവിടുത്തെ സംഘാംഗങ്ങളാണ്. എയര്‍പോര്‍ട്ടില്‍ പിടിയിലായ ഇന്ത്യക്കാരെ ചോദ്യം ചെയ്തപ്പോഴാണ് കഞ്ചാവ് ഇവിടെയുള്ള മൂന്നും നാലും പ്രതികള്‍ക്കുവേണ്ടി കൊണ്ടുവന്നതാണെന്ന് മൊഴി നല്‍കിയത്. തുടര്‍ന്ന് അവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.


