
കോഴിക്കോട്: പേരാമ്പ്ര മർദ്ദനത്തിൽ പൊലീസ് നടപടി എടുക്കുന്ന ലക്ഷണം കാണുന്നില്ലെന്ന് ഷാഫി പറമ്പിൽ എംപി. കുറ്റം ചെയ്തവർക്കെതിരെ നിയമ നടപടിയുമായി മുന്നോട്ടു പോകും. തുടർനടപടികൾ പാർട്ടിയോട് ആലോചിച്ച് തീരുമാനിക്കുമെന്നും ഷാഫി പറമ്പിൽ പറഞ്ഞു. കോഴിക്കോട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ഷാഫി പറമ്പിൽ. പേരാമ്പ്രയിലുണ്ടായ സംഘർഷത്തിനിടെ അഭിലാഷ് ആണ് തന്നെ മർദ്ദിച്ചതെന്നായിരുന്നു ഷാഫിയുടെ ആരോപണം. അതേസമയം, ഷാഫി പറമ്പിൽ എംപിയുടെ ആരോപണത്തിൽ നിയമനടപടിക്ക് അനുമതി തേടിയിരിക്കുകയാണ് വടകര കൺട്രോൾ റൂം ഇൻസ്പെക്ടർ എസ്എച്ച്ഒ അഭിലാഷ് ഡേവിഡ്. ഉന്നത ഉദ്യോഗസ്ഥരോടാണ് അനുമതി തേടിയത്. പേരാമ്പ്ര സംഘർഷവുമായി ബന്ധപ്പെട്ട് ഷാഫി പറമ്പിൽ എംപിയുടെ ആരോപണത്തിലാണ് നിയമനടപടിക്ക് മുതിരുന്നത്. എംപി അപകീർത്തിപരമായ പരാമർശങ്ങൾ നടത്തി എന്നാണ് അഭിലാഷിന്റെ ആരോപണം. ഇത് സംബന്ധിച്ച് വടകര റൂറൽ എസ്പിയോടാണ് അനുമതി തേടിയത്. അഭിലാഷിന്റെ അപേക്ഷ എസ്പി, ഡിജിപിക്ക് കൈമാറിയിട്ടുണ്ട്.


 
