കൊച്ചി: മസാല ബോണ്ട് വിഷയത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നൽകിയ സമൻസ് സ്റ്റേ ചെയ്യണമെന്ന കിഫ്ബിയുടെ ആവശ്യം കേരള ഹൈക്കോടതി തള്ളി. ഫെമ ലംഘനം ഇ.ഡി അന്വേഷിക്കേണ്ട കാര്യമില്ലെന്ന് ആരോപിച്ച് സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് ഇ.ഡിയുടെ സമൻസ് അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന ആവശ്യം കിഫ്ബി ഉന്നയിച്ചത്. ഇഡിയല്ല റിസർവ് ബാങ്കാണ് ഇക്കാര്യം പരിശോധിക്കേണ്ടതെന്ന് കിഫ്ബി ഹൈക്കോടതിയിൽ വാദിച്ചു.
തുടർച്ചയായി സമൻസ് അയച്ച് ഇ.ഡി കിഫ്ബിയുടെ പ്രവർത്തനങ്ങൾക്ക് തടസ്സം സൃഷ്ടിക്കുന്നുവെന്ന് പറയുമ്പോൾ തുടർച്ചയായി സമൻസ് നൽകുന്നത് എന്തിനാണെന്ന് കോടതി ഇ.ഡിയോട് വാക്കാൽ ചോദിച്ചു. വിശദമായ സത്യവാങ്മൂലം നൽകാമെന്ന് ഇഡി കോടതിയെ അറിയിച്ചു. ഇതോടെ കേസ് കൂടുതൽ വാദം കേൾക്കാനായി സെപ്റ്റംബർ രണ്ടിലേക്ക് മാറ്റി.
മസാല ബോണ്ട് ഇറക്കിയതിൽ ഫെമ ചട്ടങ്ങളുടെ ലംഘനം നടന്നുവെന്ന് ചൂണ്ടിക്കാട്ടി ഇഡി കിഫ്ബിക്ക് സമൻസ് നൽകിയിരുന്നു. കിഫ്ബി, സി.ഇ.ഒ കെ.എം എബ്രഹാം, ജോയിന്റ് ഫണ്ട് മാനേജർ എന്നിവരാണ് ഈ നീക്കത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്.