
മനാമ: ബഹ്റൈനില്‍ ഹെയര്‍ ഡ്രസ്സിംഗ് സലൂണുകള്‍, ബ്യൂട്ടി പാര്‍ലറുകള്‍, മസാജ് സെന്ററുകള്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍നിന്നുള്ള അപകടകരമായ മാലിന്യങ്ങള്‍ നിര്‍മാര്‍ജനം ചെയ്യാന്‍ സ്ഥാപനങ്ങള്‍ പ്രത്യേക സംവിധാനങ്ങളുണ്ടാക്കുന്നതിനായി നിയമം ഭേദഗതി ചെയ്യാന്‍ പാര്‍ലമെന്റില്‍ നിര്‍ദേശം.
സ്ട്രാറ്റജിക്ക് തിങ്കിംഗ് ബ്ലോക്ക് പ്രസിഡന്റും പാര്‍ലമെന്റിന്റെ ഫിനാന്‍ഷ്യല്‍, ഇക്കണോമിക് കമ്മിറ്റി ചെയര്‍മാനുമായ അഹമ്മദ് അല്‍ സല്ലൂമിന്റെ നേതൃത്വത്തില്‍ അഞ്ച് എം.പിമാരാണ് ഈ നിര്‍ദേശം പാര്‍ലമെന്റ് മുമ്പാകെ കൊണ്ടുവന്നത്. ഇത്തരം സ്ഥാപനങ്ങള്‍ ഉപയോഗിച്ച് കളയുന്ന റേസര്‍ ബ്ലേഡുകള്, സിംഗിള്‍ യൂസ് ടവ്വലുകള്‍, ത്രെഡുകള്‍, രക്തം പുരണ്ട വസ്തുക്കള്‍ എന്നിവ പ്രത്യേക ഡിസ്പോസിബിള്‍ ബിന്നില്‍ തന്നെ ഇട്ടു മാറ്റിവെച്ച ശേഷം സംസ്കരിക്കുന്നത് നിര്ബന്ധമാക്കണമെന്നതടക്കമുള്ള ഭേദഗതിയാണ് ഇവര്‍ നിര്‍ദേശിച്ചത്.
ഇത്തരം മാലിന്യങ്ങള്‍ സൃഷ്ടിക്കുന്ന പൊതുജനാരോഗ്യ വെല്ലുവിളികള്‍ കണക്കിലെടുത്താണ് ഈ നിര്‍ദേശം കൊണ്ടുവന്നതന്ന് സല്ലൂം പറഞ്ഞു.


