
മനാമ: സെലിബ്രേറ്റ് ബഹ്റൈന്‍ സീസണിലെ പ്രധാന പരിപാടികളിലൊന്നായ ഹവ അല്‍ മനാമ ഫെസ്റ്റിവലിന്റെ രണ്ടാം പതിപ്പിന് തുടക്കമായി.
ഉദ്ഘാടന ചടങ്ങില്‍ ഷെയ്ഖ് മുഹമ്മദ് ബിന്‍ സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫ പങ്കെടുത്തു. 2026 ജനുവരി പകുതി വരെ നീണ്ടുനില്‍ക്കുന്ന ഈ ഉത്സവം മനാമ സൂക്കിന്റെ സമ്പന്നമായ പൈതൃകത്തെയും രാജ്യത്തിന്റെ തലസ്ഥാനത്തിന്റെ സാംസ്കാരിക ഹൃദയമിടിപ്പിനെയും ആഘോഷിക്കുന്നു.
തലസ്ഥാനത്തുടനീളമുള്ള നിരവധി പ്രശസ്തമായ സ്ഥലങ്ങളിലായാണ് ഉത്സവം. അല്‍ ഖലീഫ അവന്യൂ, ഹല്‍വ മ്യൂസിയം എന്നിവ മുതല്‍ മ്യൂസിയങ്ങള്‍, സാംസ്കാരിക ലൈബ്രറി, എസ്കേപ്പ് റൂം, ലേസര്‍ സാഹസികത തുടങ്ങി നിരവധി പരിപാടികള്‍ ഇതിന്റെ ഭാഗമായുണ്ട്.
കരകൗശല വസ്തുക്കള്‍, മൈലാഞ്ചി കല, കാര്‍ണിവല്‍ ഗെയിമുകള്‍ എന്നിവ അല്‍ തവാവിഷ് സ്ക്വയറിന് ഉത്സവഭാവം നല്കുന്നു. യതീം കോംപ്ലക്സില്‍ ക്ലാസിക് കാര്‍ പ്രദര്‍ശനം, അതിന്റെ മേല്‍ക്കൂരയില്‍ ഫൈന്‍-ഡൈനിംഗ് റെസ്റ്റോറന്റ്, അല്‍ മര്‍സ സ്ക്വയര്‍, വിന്റേജ് ഫോട്ടോഗ്രാഫി മ്യൂസിയം എന്നിവയുമുണ്ട്.
സജീവമായ ഗാലറികള്‍, സുഗന്ധദ്രവ്യങ്ങള്‍, സുഗന്ധവ്യഞ്ജന വിപണികള്‍, പൗരസ്ത്യ റെസ്റ്റോറന്റുകള്‍ എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്.


