ലഖ്നൗ: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാൻ ക്ഷണം ലഭിച്ചിട്ടില്ലെന്ന് ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയും സമാജ്വാദി പാർട്ടി അദ്ധ്യക്ഷനുമായ അഖിലേഷ് യാദവ്. ബിജെപിയും കോൺഗ്രസും ഒരുപോലെയാണെന്നും തങ്ങളുടെ പാർട്ടിക്ക് വ്യത്യസ്തമായ പ്രത്യയശാസ്ത്രമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജനുവരി മൂന്നിന് ഡൽഹിയിൽ നിന്ന് ഉത്തർപ്രദേശിലേക്ക് പ്രവേശിക്കുന്ന ഭാരത് ജോഡോ യാത്രയിലേക്ക് ക്ഷണം ലഭിച്ചിട്ടുണ്ടോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ‘നിങ്ങളുടെ ഫോണിൽ അത്തരമൊരു ക്ഷണം ഉണ്ടെങ്കിൽ, ദയവായി അത് എനിക്ക് അയയ്ക്കുക. ഞങ്ങളുടെ മനസ്സ് ആ യാത്രയ്ക്കൊപ്പമാണ്. പക്ഷേ, ക്ഷണമൊന്നും ലഭിച്ചിട്ടില്ല,’ അഖിലേഷ് പറഞ്ഞു.
അഖിലേഷ് യാദവിനെയും ബി.എസ്.പി അധ്യക്ഷ മായാവതിയെയും ഭാരത് ജോഡോ യാത്രയിലേക്ക് ക്ഷണിച്ചതായി കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചിരുന്നു. അതേസമയം, ഭാരത് ജോഡോ യാത്ര എന്ന ആശയത്തെ പാർട്ടി പിന്തുണയ്ക്കുന്നുവെന്ന് സമാജ് വാദി പാർട്ടി വക്താവ് ഘനശ്യാം തിവാരി പറഞ്ഞു.