ചണ്ഡീഗഡ്: പൊലീസ്, മൈനിംഗ് ഗാർഡ്, വനംവകുപ്പ് ഗാർഡടക്കം വിവിധ സർക്കാർ ജോലികളിൽ അഗ്നിവീറുകൾക്ക് സംവരണം ഏർപ്പെടുത്തി ഹരിയാന സർക്കാർ. 10 ശതമാനം സംവരണമാണ് അഗ്നിവീറുകൾക്ക് നൽകുക എന്ന് മുഖ്യമന്ത്രി നായബ് സിംഗ് സെയ്നി അറിയിച്ചു. അഗ്നിപഥ് നിയമനത്തെക്കുറിച്ച് പ്രതിപക്ഷവും ഭരണപക്ഷവും തമ്മിൽ കടുത്ത അഭിപ്രായ വ്യത്യാസം നിലനിൽക്കെയാണ് ഹരിയാന സർക്കാർ പ്രഖ്യാപനം നടത്തിയതെന്നത് ശ്രദ്ധേയമാണ്. മാസങ്ങൾക്കകം ഹരിയാനയിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടത്താനിരിക്കെയാണ് നിർണായകമായ സർക്കാർ പ്രഖ്യാപനം.
2022 ജൂൺ 14ന് 17 വയസ് മുതൽ 25 വയസുവരെയുള്ള യുവാക്കൾക്ക് സൈനിക സേവനത്തിന് അപേക്ഷിക്കാവുന്ന വിധത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് അഗ്നിവീർ പദ്ധതി പ്രഖ്യാപിച്ചത്. നാല് വർഷത്തേക്കാണ് നിയമനം. അഗ്നിവീറുകളിൽ 25 ശതമാനം പേരെ 15 വർഷം കൂടി സേവനത്തിന് നിയമിക്കുന്ന തരത്തിലായിരുന്നു അഗ്നിവീറിന്റെ ഘടന. അവശേഷിക്കുന്നവർക്ക് സർവീസിൽ നിന്ന് പിരിയുമ്പോൾ കൃത്യമായ സാമ്പത്തിക പാക്കേജ് ഏർപ്പെടുത്തിയിരുന്നു.ഹരിയാനയിൽ ഗ്രൂപ്പ് ബി, സി വിഭാഗത്തിലെ സർക്കാർ ജോലികളിൽ പ്രായപരിധിയിൽ മൂന്ന് വർഷത്തെ ഇളവ് ലഭിക്കും. ഗ്രൂപ്പ് സി വിഭാഗത്തിലെ സിവിൽ തസ്തികയിൽ അഞ്ച് ശതമാനവും ഗ്രൂപ്പ് ബി വിഭാഗത്തിൽ ഒരു ശതമാനവും സംവരണം നൽകുമെന്നും മുഖ്യമന്ത്രി നായബ് സിംഗ് സെയ്നി പറഞ്ഞു. അഗ്നിവീർ പദ്ധതി മികച്ചതാണെന്നും കോൺഗ്രസ് മനപൂർവം പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.