
ഹല്‍ദ്വാനി: ദേശീയ ഗെയിംസില്‍ കളരിപ്പയറ്റ് ഇക്കുറി പ്രദര്‍ശന ഇനമാക്കിയതിനെതിരേ കോടതിയെ സമീപിച്ച ഹരിയാണക്കാരി ഹര്‍ഷിത യാദവ് രണ്ടു വെങ്കലമെഡലുകള്‍ നേടി. മെയ്പ്പയറ്റ്, വാളും വാളും ഇനങ്ങളിലായിരുന്നു നേട്ടം. പ്രദര്‍ശന ഇനം മാത്രമായിരുന്നതിനാല്‍ ഇത് ദേശീയ ഗെയിംസിന്റെ ഔദ്യോഗിക പട്ടികയില്‍ ഉള്‍പ്പെടുത്തില്ല. കളരിപ്പയറ്റ് മത്സരയിനമാക്കാന്‍ അടുത്തതവണയും ശ്രമിക്കുമെന്ന് ഹര്‍ഷിത പറഞ്ഞു. ഹര്‍ഷിതയുടേതുള്‍പ്പെടെ ഹരിയാണ കളരിപ്പയറ്റില്‍ ഏഴു മെഡലുകള്‍ നേടി. മൂന്നു വെള്ളിയും നാലു വെങ്കലവും.
കേരളം പോലുള്ള ചില സംസ്ഥാനങ്ങളില്‍ മാത്രമേ കളരിപ്പയറ്റ് ഉള്ളൂവെന്ന കാരണം പറഞ്ഞ് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്(ഐ.ഒ.എ.) കളരിപ്പയറ്റിനെ ഇക്കുറി ഒഴിവാക്കുകയായിരുന്നു. തുടര്‍ന്ന് ഹര്‍ഷിത ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. ഇക്കാര്യം പരിഗണിക്കാന്‍ കോടതി ഐ.ഒ.എ.യോട് ആവശ്യപ്പെടുകയും ചെയ്തു. എന്നിട്ടും കളരിപ്പയറ്റിനെ ഉള്‍പ്പെടുത്തിയില്ല.
