കൊച്ചി: കർഷകരെക്കുറിച്ചുള്ള നടൻ ജയസൂര്യയുടെ പ്രസ്താവന വലിയ ചർച്ചകൾക്കാണ് വഴിതുറന്നത്. മന്ത്രിമാരെ വേദിയിലിരുത്തിയായിരുന്നു ജയസൂര്യയുടെ രൂക്ഷ വിമർശനം. ഇപ്പോൾ ജയസൂര്യയ്ക്ക് കയ്യടിച്ചുകൊണ്ട് നടൻ ഹരീഷ് പേരടി രംഗത്തെത്തിയിരിക്കുകയാണ്.
മുഖ്യധാര മലയാള സിനിമാനടൻമാർ പൊതു വിഷയങ്ങളിൽ പ്രതികരിക്കാൻ തുടങ്ങിയത് തന്നെ ആകർഷിച്ചു എന്നാണ് ഹരീഷ് കുറിച്ചത്. നിങ്ങൾ പൊതു വിഷയങ്ങളോട് പ്രതികരിച്ചാലും ഇല്ലെങ്കിലും നിങ്ങളുടെ സിനിമ നന്നായാൽ മാത്രമേ ജനം കാണൂ. അതുകൊണ്ട് സിനിമ നാട്ടുക്കാർ കാണാൻ വേണ്ടി മിണ്ടാതിരിക്കണ്ടെന്നും ഹരീഷ് ഫെയ്സ്ബുക്ക് കുറിപ്പിൽ പറയുന്നു.
പറഞ്ഞതിലെ ശരിയും തെറ്റും വിലയിരുത്തുന്നതിനേക്കാൾ എന്നെ ആകർഷിച്ചത്.മുഖ്യധാര മലയാള സിനിമാനടൻമാർ പൊതു വിഷയങ്ങളിൽ പ്രതികരിക്കാൻ തുടങ്ങിയെന്നതാണ്.പ്രത്യേകിച്ചും രണ്ട് മന്ത്രിമാർ ഇരിക്കുന്ന വേദിയിൽ അവരെ സുഖിപ്പിക്കാത്ത രാഷ്ട്രിയം പറഞ്ഞുവെന്നതാണ്.മറ്റ് നായക നടൻമാർ പൊതു വിഷയങ്ങളോട് പ്രതികരിച്ചാലും ഇല്ലെങ്കിലും നിങ്ങളുടെ സിനിമ നന്നായാൽ മാത്രമേ ജനം കാണു. അതുകൊണ്ട് സിനിമ നാട്ടുക്കാർ കാണാൻ വേണ്ടി മിണ്ടാതിരിക്കണ്ട. നാട്ടുക്കാർക്ക് നിങ്ങളെക്കാൾ ബുദ്ധിയും വിവരവുമുണ്ട്. പറയാനുള്ളത് ഉറക്കെ പറഞ്ഞ് സിനിമയിൽ അഭിനയിക്കുക. നിങ്ങളുടെ അഭിനയവും നിലവിലുള്ളതിനേക്കാർ നന്നാവും.