
ദുബായ്: ഏഷ്യാ കപ്പില്‍ ഇന്ത്യക്കെതിരെ ആദ്യം ബാറ്റ് ചെയ്യുന്ന പാകിസ്ഥാന് ബാറ്റിംഗ് തകര്‍ച്ച. ടോസ് നേടി ക്രീസിലിറങ്ങിയ പാകിസ്ഥാന് പവര്‍ പ്ലേ പിന്നിടുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 42 റണ്‍സെന്ന നിലയിലാണ്. 11 പന്തില്‍ 16 റണ്‍സുമായി ഫഖര്‍ സമനും 19 പന്തില്‍ 19 റണ്‍സോടെ ഷിബ്സാദ ഫര്‍ഹാനും ക്രീസില്‍. ഓപ്പണര്‍ സയ്യിം അയൂബിന്റെയും വിക്കറ്റ് കീപ്പര്‍ മുഹമ്മദ് ഹാരിസിന്റെയും വിക്കറ്റുകളാണ് പാകിസ്ഥാന് പവര്‍ പ്ലേയില്‍ നഷ്ടമായത്.
ടോസ് നഷ്ടത്തിന് പിന്നാലെ ക്രീസിലിറങ്ങിയ പാകിസ്ഥാന് ആദ്യ പന്തിലെ അടിയേറ്റു. ഇന്ത്യക്കായി ന്യൂബോള്‍ എടുത്ത ഹാര്‍ദ്ദിക് പാണ്ഡ്യ എറിഞ്ഞ ആദ്യ പന്ത് വൈഡായെങ്കിലും നിയമപരമായി എറിഞ്ഞ ആദ്യ പന്തില്‍ തന്നെ പാകിസ്ഥാന് ഓപ്പണര്‍ സയ്യിം അയൂബിനെ നഷ്ടമായി. ഹാര്‍ദ്ദിക്കിന്റെ പന്തില്‍ അയൂബിനെ ജസ്പ്രീത് ബുമ്രയാണ് കൈയിലൊതുക്കിയത്. ആദ്യ ഓവറില്‍ അഞ്ച് റണ്‍സെടുത്ത പാകിസ്ഥാന് രണ്ടാം ഓവറിലും തിരിച്ചടിയേറ്റു. തന്റെ രണ്ടാം പന്തില്‍ തന്നെ മുഹമ്മദ് ഹാരിസിനെ ഹാര്‍ദ്ദിക്കിന്റെ കൈകളിലെത്തിച്ച ബുമ്രയാണ് പാകിസ്ഥാന് രണ്ടാമത്തെ പ്രഹരമേല്‍പ്പിച്ചത്.
തൊട്ടുപിന്നാലെ ഫഖര്‍ സമനെ ബുമ്ര വിക്കറ്റിന് മുന്നില്‍ കുടുക്കിയെങ്കിലും റിവ്യു എടുത്ത സമന് ആയുസ് നീട്ടിയെടുത്തു. ഹാര്‍ദ്ദിക് പാണ്ഡ്യ എറിഞ്ഞ മൂന്നാം ഓവറില്‍ ഫഖര്‍ സമന് രണ്ട് ബൗണ്ടറികൾ നേടിയപ്പോള്‍ വൈഡിലൂടെ ലഭിച്ച മൂന്ന് റണ്‍സ് അടക്കം പാകിസ്ഥാന് 13 റണ്‍സ് നേടി. ജസ്പ്രീത് ബുമ്രയെറിഞ്ഞ നാലാം ഓവറിൽ സിക്സ് അടിച്ച ഷാഹിബ്സാദ ഫര്‍ഹാനും കരുത്തു കാട്ടി. തൊട്ടുപിന്നാലെ ഫര്ഹാന് നല്കിയ റിട്ടേണ്‍ ക്യാച്ചിനുള്ള അര്‍ധാവസരം മുതലാക്കാന്‍ ബുമ്രക്കായില്ല. മൂന്നാം പന്തില്‍ സിക്സ് അടിച്ചെങ്കിലും ബുമ്രയെറിഞ്ഞ നാലാം ഓവറില്‍ ആറ് റണ്‍സ് മാത്രമെ പാകിസ്ഥാന് നേടാനായുള്ളു. വരുണ്‍ ചക്രവര്‍ത്തിയെറിഞ്ഞ അഞ്ചാം ഓവറില്‍ ബൗണ്ടറിയടക്കം എട്ട് റണ്‍സടിച്ച പാകിസ്ഥാന് സ്കോറുയര്‍ത്തി. ബുമ്രയെറിഞ്ഞ പവര്‍ പ്ലേയിലെ അവസാന ഓവറില്‍ ഫര്ഹാന് സിക്സ് അടിച്ച് കരുത്തുകാട്ടി പാകിസ്ഥാന്.
പാകിസ്ഥാന് പ്ലേയിംഗ് ഇലവന്: സയിം അയൂബ്, സാഹിബ്സാദ ഫർഹാൻ, മുഹമ്മദ് ഹാരിസ്, ഫഖർ സമാൻ, സൽമാൻ ആഘ(ക്യാപ്റ്റൻ), ഹസൻ നവാസ്, മുഹമ്മദ് നവാസ്, ഫഹീം അഷ്റഫ്, ഷഹീൻ അഫ്രീദി, സുഫിയാൻ മുഖീം, അബ്രാർ അഹമ്മദ്.
ഇന്ത്യ പ്ലേയിംഗ് ഇലവന്: അഭിഷേക് ശർമ്മ, ശുഭ്മാൻ ഗിൽ, സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), തിലക് വർമ്മ, സഞ്ജു സാംസൺ(ഡബ്ല്യു), ശിവം ദുബെ, ഹാർദ്ദിക് പാണ്ഡ്യ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, ജസ്പ്രീത് ബുമ്ര, വരുൺ ചക്രവർത്തി.
