
ദുബായ്: ഏഷ്യാ കപ്പില്‍ പാകിസ്ഥാനെതിരെ ഇന്ത്യക്ക് 128 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 127 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 44 പന്തില്‍ 40 റണ്‍സെടുത്ത ഓപ്പണര്‍ സാഹിബ്സാദ ഫര്‍ഹാനാണ് പാകിസ്ഥാന്റെ ടോപ് സ്കോറര്‍. വാലറ്റത്ത് തകര്‍ത്തടിച്ച ഷഹീന് ഷാ അഫ്രീദി 16 പന്തില്‍ 33 റണ്‍സുമായി പുറത്താതതെ നിന്നു. സര്‍ദാനും അഫ്രീദിക്കും പുറമെ ഫഖര്‍ സമന്(17), ഫഹീം അഷ്റഫ്(11), സൂഫിയാന് മുഖീം എന്നിവര്‍ മാത്രമാണ് പാക് നിരയില്‍ രണ്ടക്കം കടന്നത്. ഇന്ത്യക്കായി കുല്‍ദീപ് യാദവ് നാലോവറില്‍ 18 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ അക്സര്‍ പട്ടേല്‍ നാലോവറില്‍ 18 റണ്‍സിന് രണ്ട് വിക്കറ്റെടുത്തു. ജസ്പ്രീത് ബുമ്ര 28 റണ്‍സിന് രണ്ട് വിക്കറ്റെടുത്തു.
ആദ്യ പന്തില്‍ തന്നെ അടിച്ചിരുത്തി
ടോസ് ജയിച്ച് ക്രീസിലിറങ്ങിയ പാകിസ്ഥാന് ആദ്യ പന്തിൽ തന്നെ അടിയേറ്റു. ഇന്ത്യക്കായി ന്യൂബോള്‍ എടുത്ത ഹാര്‍ദ്ദിക് പാണ്ഡ്യ എറിഞ്ഞ ആദ്യ പന്ത് വൈഡായെങ്കിലും നിയമപരമായി എറിഞ്ഞ ആദ്യ പന്തില്‍ തന്നെ പാകിസ്ഥാന് ഓപ്പണര്‍ സയ്യിം അയൂബിനെ നഷ്ടമായി. ഹാര്‍ദ്ദിക്കിന്റെ പന്തില്‍ അയൂബിനെ ജസ്പ്രീത് ബുമ്രയാണ് കൈയിലൊതുക്കിയത്. രണ്ടാം ഓവറിൽ ബുമ്രയുടെ സര്‍ജിക്കല്‍ സ്ട്രൈക്കായിരുന്നു പിന്നീട് കണ്ടത്. തന്റെ രണ്ടാം പന്തില്‍ തന്നെ മുഹമ്മദ് ഹാരിസിനെ ഹാര്‍ദ്ദിക്കിന്റെ കൈകളിലെത്തിച്ച ബുമ്ര പാകിസ്ഥാന്റെ തുടക്കം തകര്‍ച്ചയിലാക്കി. പവര്‍പ്ലേയില്‍ സാഹിബ്സാദ ഫര്‍ഹാനും ഫഖര്‍ സമനും ചേര്‍ന്ന് കൂടുതല്‍ നഷ്ടങ്ങളില്ലാതെ പാകിസ്ഥാനെ 42 റൺസിലെത്തിച്ചു.
കളി തിരിച്ച് കുല്‍ദീപ്
പവര്‍ പ്ലേക്ക് ശേഷം തന്റെ ആദ്യ ഓവര്‍ എറിയാനെത്തിയ കുല്‍ദീപ് യാദവ് രണ്ട് റണ്‍സ് മാത്രം വഴങ്ങി പാകിസ്ഥാനെ വരിഞ്ഞുകെട്ടി. തൊട്ടടുത്ത ഓവറില്‍ ഫഖര്‍ സമനെ(17) തിലക് വര്‍മയുടെ കൈകളിലെത്തിച്ച് അക്സര്‍ പട്ടേല്‍ പാകിസ്ഥാനെ പ്രതിരോധത്തിലാക്കി. പത്താം ഓവറില്‍ ക്യാപ്റ്റന്‍ സല്മാന് അലി ആഘയെ(12 പന്തില്‍ 3) വീഴ്ത്തി അക്സര്‍ ഇരട്ടപ്രഹരമേല്‍പ്പിച്ചു. ആറു മുതല്‍ 10 വരെയുള്ള നാലോവറില്‍ ഏഴ് റണ്‍സ് മാത്രമാണ് പാകിസ്ഥാന് നേടാനായത്. പിന്നീടായിരുന്നു പാകിസ്ഥാന് നടുവൊടിച്ച കുല്‍ദീപ് മാജിക്ക്. പതിമൂന്നാം ഓവറിലെ നാലാം പന്തിൽ ഹസന് നവാസിനെ(5) മടക്കി ആദ്യ വിക്കറ്റെടുത്ത കുല്‍ദീപ് അടുത്ത പന്തില്‍ മുഹമ്മദ് നവാസിനെ ഗോള്‍ഡന്‍ ഡക്കാക്കി ഇരട്ടപ്രഹരമേല്‍പ്പിച്ചു.
