കൊച്ചി: നാവികസേനയുടെ പരിശീലന കേന്ദ്രമായ ഐഎൻഎസ് ദ്രോണാചാര്യയ്ക്ക് രാഷ്ട്രപതിയുടെ ഉയർന്ന ബഹുമതിയായ ‘പ്രസിഡന്റ്സ് കളർ’ നൽകാനായതിൽ പരമോന്നത സൈനിക അധികാരി എന്ന നിലയിൽ താൻ സന്തുഷ്ടയാണെന്ന് പ്രസിഡന്റ് ദ്രൗപദി മുർമു. സുഹൃദ് രാജ്യങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥരെയും നാവികരെയും പരിശീലിപ്പിച്ചുകൊണ്ട് ഐ.എൻ .എസ് ദ്രോണാചാര്യ സുരക്ഷിതമായ സമുദ്ര മേഖല എന്ന ഇന്ത്യയുടെ കാഴ്ചപ്പാട് വളർത്തിയെടുക്കുന്നുവെന്ന് രാഷ്ട്രപതി പറഞ്ഞു.
“രാഷ്ട്രപതിയെന്ന നിലയിലുള്ള എന്റെ ആദ്യ കേരള സന്ദർശനത്തിന്റെ ഭാഗമായി, ഇന്ത്യൻ നാവികസേനയുടെ പ്രധാന പരിശീലന കപ്പലായ ഐഎൻഎസ് ദ്രോണാചാര്യയ്ക്ക് പ്രസിഡന്റ്സ് കളർ സമ്മാനിക്കാൻ കൊച്ചിയിലെത്താനായതിൽ സന്തോഷമുണ്ട്. യുദ്ധത്തിലും സമാധാനത്തിലും രാഷ്ട്രത്തിന് നൽകിയ അസാധാരണമായ സേവനത്തിനുള്ള അംഗീകാരമായി പ്രസിഡന്റ്സ് കളർ ഐ.എൻ.എസ് ദ്രോണാചാര്യയ്ക്ക് സമർപ്പിക്കുന്നതിൽ പരമോന്നത സൈനിക അധികാരി എന്ന നിലയിൽ സന്തോഷമുണ്ട്. ഇന്നത്തെ ശ്രദ്ധേയമായ പങ്കാളിത്തത്തിനും മികച്ച ഏകോപനത്തോടെയുള്ള പ്രദർശനത്തിനും എല്ലാ ഉദ്യോഗസ്ഥർക്കും അഭിനന്ദനങ്ങൾ. നമ്മുടെ സുഹൃദ് രാജ്യങ്ങളിലെ ഉദ്യോഗസ്ഥരെയും നാവികരെയും പരിശീലിപ്പിക്കുന്നതിലൂടെ സുരക്ഷിത സമുദ്രമേഖലയെന്ന ഇന്ത്യയുടെ കാഴ്ചപ്പാട് ഇത് വളർത്തിയെടുക്കുന്നു” രാഷ്ടപതി പറഞ്ഞു.