മസ്കത്ത്: ഈ വർഷം ഒമാനിൽ നിന്ന് ഹജ്ജ് നിർവഹിക്കാൻ അവസരം ലഭിച്ചവർ പ്രതിരോധ കുത്തിവെപ്പെടുക്കണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഏപ്രിൽ രണ്ടാം വാരം മുതൽ ആരോഗ്യ സ്ഥാപനങ്ങളിൽ നിന്ന് വാക്സിനേഷൻ നൽകും.
സൗദി സർക്കാർ നിർദ്ദേശിച്ച ക്വാഡ്രാറ്റിക് വാക്സിൻ, സീസണൽ ഫ്ലൂ വാക്സിൻ, കോവിഡ് -19 വാക്സിൻ എന്നീ മൂന്ന് തരം വാക്സിനുകളാണ് എടുക്കേണ്ടത്. ഈ വർഷം ഒമാനിൽ നിന്ന് 14,000 തീർഥാടകർക്കാണ് ഹജ്ജ് നിർവഹിക്കാൻ അവസരം. ഇതിൽ 13,098 സ്വദേശികളും 500 വിദേശികളുമാണ് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ടത്. ഇവരെ കൂടാതെ 402 പേരും ഔദ്യോഗിക ഹജ്ജ് സംഘത്തിലുണ്ടാകും.