
മനാമ: അടുത്ത ഹജ്ജ് തീര്‍ത്ഥാടനത്തിനായി ബഹ്റൈനില്‍ രജിസ്റ്റര്‍ ചെയ്ത അപേക്ഷകര്‍ക്ക് ഇലക്ട്രോണിക് സ്ക്രീനിംഗിനും മുന്‍ഗണനാ മാനദണ്ഡങ്ങളുടെ പരിശോധനയ്ക്കും ശേഷം പ്രാഥമിക യോഗ്യതാ നോട്ടീസുകള്‍ വിതരണം ചെയ്യാന്‍ ആരംഭിച്ചതായി ഹജ്ജ്, ഉംറ സുപ്രീം കമ്മിറ്റി അറിയിച്ചു.
ഓണ്‍ലൈന്‍ പോര്‍ട്ടല്‍ അടയ്ക്കുന്നതിന് മുമ്പ് ആകെ 23,231 പേര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും എല്ലാ അപേക്ഷകളും പരിശോധിച്ചിട്ടുണ്ടെന്നും കമ്മിറ്റി അറിയിച്ചു. തുടര്‍ന്ന് ബഹ്റൈന്റെ ക്വാട്ട അനുസരിച്ച് 4,625 തീര്‍ത്ഥാടകരുടെ പ്രാഥമിക യോഗ്യതാ പട്ടിക തയ്യാറാക്കി.
പട്ടികയിലെ തീര്‍ത്ഥാടകര്‍ക്ക് ഇഷ്ടപ്പെട്ട ഹജ്ജ് ടൂര്‍ ഓപ്പറേറ്ററെ തിരഞ്ഞെടുക്കാനുള്ള ഔദ്യോഗിക തീയതി പിന്നീട് പ്രഖ്യാപിക്കും. ലൈസന്‍സുള്ള സംഘാടകര്‍ക്ക് അവരുടെ പാക്കേജുകള്‍ പ്രഖാപിക്കാന്‍ സമയം നല്‍കും. മത്സരാധിഷ്ഠിതമായ അന്തരീക്ഷം വളര്‍ത്തിയെടുക്കാനായി തീര്‍ത്ഥാടകരെ അവലോകനം ചെയ്യാനും താരതമ്യം ചെയ്യാനും തിരഞ്ഞെടുക്കാനും അനുവദിക്കുമെന്നും അത് കൂട്ടിച്ചേര്‍ത്തു.
ബഹ്റൈന്റെ ഔദ്യോഗിക പ്രതിനിധി സംഘത്തില്‍ ഉള്‍പ്പെടുത്തി ഇലക്ട്രോണിക് സ്ക്രീനിംഗിലൂടെ തിരഞ്ഞെടുക്കപ്പെട്ടവരെ കമ്മിറ്റി അഭിനന്ദിക്കുകയും തിരഞ്ഞെടുക്കപ്പെടാത്തവര്‍ക്ക് ഭാവി സീസണുകളില്‍ അവസരം ലഭിക്കുമെന്ന് പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു.
