
തൃശൂര്: ഗുരുവായൂർ അനക്കോട്ടയിലെ കരിവീരൻമാരുടെ സുഖചികിത്സക്ക് മുപ്പത്തിയഞ്ചാം പിറന്നാൾ. സാമൂതിരി രാജാവിന്റെ ഭരണകാലത്തുണ്ടായിരുന്ന ചികിത്സാ രീതി 1990 ലാണ് ശാസ്ത്രീയമാക്കിയത്. ആനകളുടെ ആരോഗ്യ സംരക്ഷണവും ശരീരപുഷ്ടിയുമായിരുന്നു ലക്ഷ്യം. ഇതിനായി പ്രത്യകം തയ്യാറാക്കിയ സമീകൃതാഹാരം ചിട്ടയോടെ നൽകുന്നതാണ് ഗുരുവായൂർ ദേവസ്വത്തിലെ ഗജ സുഖചികിത്സയുടെ പ്രധാന സവിശേഷത. ആദ്യ ഘട്ടത്തിൽ ആനകളുടെ രക്തവും എരണ്ടവും ശേഖരിച്ച് ശാസ്ത്രീയ പരിശോധനകൾക്ക് വിധേയമാക്കും. കരൾ, വൃക്ക എന്നിവയുടെ പ്രവർത്തനങ്ങൾ സൂക്ഷ്മമായി വിലയിരുത്തും.
തുടർന്ന് ആനകൾക്ക് വിരമരുന്ന് നൽകും. പ്രത്യേക ആയുർവ്വേദ ക്രമവും പിൻതുടരും. ഓരോ ആനയുടെയും തൂക്കം പ്രത്യേകത എന്നിവ കണക്കിലെടുത്ത് ആഹാരക്രമം തീരുമാനിക്കും. അരി, ചെറുപയർ, റാഗി എന്നിവ വേവിച്ച് ച്യവനപ്രാശം, അഷ്ടചൂർണം, ധാതു ലവണം, മഞ്ഞൾ പൊടി എന്നിവ കൂട്ടിക്കലർത്തിയ ഉരുളയാണ് ആനകൾക്ക് നൽകുന്നത്. വിസ്തരിച്ച തേച്ച്കുളി, വ്യായാമം എന്നിവയും ചികിത്സയുടെ ഭാഗമാണ്. ഈ ചികിത്സാ രീതി ആനകളുടെ ആരോഗ്യനിലയിൽ ഗുണപരമായ മാറ്റം ഉണ്ടാക്കിയതായി ആന ചികിത്സാ വിദഗ്ധർ വിലയിരുത്തുന്നു. ആനകളുടെ തൂക്കത്തിലും അഴകിലും വലിയ മാറ്റം പ്രകടമാണ്.
ഇതിനായി 12.5 ലക്ഷംരൂപയാണ് ചിലവിടുന്നതെന്ന് ദേവസ്വം ചെയർമാൻ ഡോ. വി കെ വിജയൻ പറഞ്ഞു. ആദ്യദിനത്തിൽ എല്ലാ ആനകൾക്കും ചികിത്സ നൽകിയെങ്കിലും ഇനിയുള്ള ദിവസങ്ങളിൽ 24 ആനകൾക്കാണ് ചികിത്സ നൽകുക. മദപ്പാടിൽ തളച്ചിരിക്കുന്ന 12 ആനകൾക്ക് നീരിൽ നിന്നഴിച്ച ശേഷമാണ് ചികിത്സ നൽകുക. ആന ചികിത്സ വിദഗ്ദ്ധരായ ഡോ. പി ബി ഗിരിദാസ്, ഡോ. ടി എസ് രാജീവ്, ഡോ. എം എൻ ദേവൻ നമ്പൂതിരി, ഡോ. കെ വിവേക് തുങ്ങിയവരാണ് ചികിത്സയ്ക്ക് മേൽനോട്ടം വഹിക്കുന്നത്. സുഖചികിത്സ ജൂലൈ 30 ന് സമാപിക്കും.
