ദുബായ്: ദുബായിൽ നിന്നു ന്യൂഡൽഹിയിലേക്കുള്ള ഫ്ലൈ ദുബായ് വിമാനത്തിലെ യാത്രക്കാരനിൽ നിന്നു റിവോൾവർ പിടിച്ചെടുത്തു. ഇന്ത്യയിലെ കസ്റ്റംസ് അധികൃതരാണ് സംഭവം റിപ്പോർട്ട് ചെയ്തത്. ഇതേതുടർന്ന് അന്വേഷണം ആരംഭിച്ചു. ദുബായിൽ നിന്നു ന്യൂഡൽഹിയിലേക്കുള്ള ഫ്ലൈ ദുബായ് വിമാനത്തിലെ യാത്രക്കാരനിൽ നിന്നു പിടിച്ചെടുത്ത ചെറിയ പിസ്റ്റളിന്റെ ചിത്രം ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥരാണ് പുറത്തുവിട്ടത്.
ഈ മാസം 1 നായിരുന്നു സംഭവം. എന്നാൽ 10 നാണ് യാത്രക്കാരനെ അറസ്റ്റ് ചെയ്ത കാര്യം വെളിപ്പെടുത്തിയത്. ഇന്ത്യൻ യാത്രക്കാരനിൽ നിന്ന് ഒരു റിവോൾവറും രണ്ടു മാസികകളും പിടിച്ചെടുത്തതായി ഡൽഹി കസ്റ്റംസ് ട്വീറ്റ് ചെയ്തു. അതേസമയം, സംഭവത്തെ ഗൗരവമായാണു കാണുന്നതെന്നും അന്വേഷണം നടത്തുമെന്നും ഫ്ലൈ ദുബായ് അധികൃതരും അറിയിച്ചു.
ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ മുൻകൂർ അനുമതി ഇല്ലാതെ വിദേശ രാജ്യത്തേയ്ക്കു തോക്കുകൾ കൊണ്ടുവരാൻ ശ്രമിക്കുന്നത് കുറ്റകരമാണ്. വിമാനത്താവളത്തിലെ വിവിധ ചെക്ക് പോയിന്റുകൾ പിന്നിട്ട് ആയുധം കടത്തുന്നത് അപൂര്‍വ സംഭവമായാണ് വിലയിരുത്തുന്നത്.