
മനാമ: കുവൈത്തില്‍ നടന്ന 26ാമത് അറേബ്യന്‍ ഗള്‍ഫ് കപ്പ് ഫൈനല്‍ മത്സരത്തില്‍ ഒമാനെ പരാജയപ്പെടുത്തി കപ്പ് സ്വന്തമാക്കിയ ബഹ്റൈന്‍ ദേശീയ ഫുട്ബോള്‍ ടീമിനും രാജ്യത്തിനും അഭിനന്ദന പ്രവാഹം.
അഭിനന്ദനമറിയിച്ച് കുവൈത്ത് അമീര്‍ ഷെയ്ഖ് മിഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ്, ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയ്ക്ക് സന്ദേശമയച്ചു. ബഹ്റൈന്‍ ദേശീയ ഫുട്ബോള്‍ ടീമിന്റെ മികച്ച പ്രകടനത്തെയും കുവൈത്ത് അമീര്‍ അഭിനന്ദിച്ചു. കുവൈത്ത് അമീറിനുള്ള മറുപടി സന്ദേശത്തില്‍, ഹമദ് രാജാവ് നന്ദി അറിയിക്കുകയും കുവൈത്തിന്റെ വിജയകരമായ സംഘാടനത്തെ അഭിനന്ദിക്കുകയും ചെയ്തു.
മാനുഷിക പ്രവര്‍ത്തനത്തിനും യുവജന കാര്യത്തിനുമുള്ള ബഹ്റൈന്‍ രാജാവിന്റ പ്രതിനിധിയും സുപ്രീം കൗണ്‍സില്‍ ഫോര്‍ യൂത്ത് ആന്റ് സ്പോര്‍ട്സ് ചെയര്‍മാനുമായ ഷെയ്ഖ് നാസര്‍ ബിന്‍ ഹമദ് അല്‍ ഖലീഫ രാജാവിനെ അഭിനന്ദിച്ചു. ദേശീയ ടീമിന്റെ നേട്ടത്തെ അദ്ദേഹം പ്രശംസിച്ചു.
കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന് ബഹ്റൈന്‍ ഫുട്ബോള്‍ അസോസിയേഷന് (ബി.എഫ്.എ) പ്രസിഡന്റ് ഷെയ്ഖ് അലി ബിന്‍ ഖലീഫ ബിന്‍ അഹമ്മദ് അല്‍ ഖലീഫയെ ടെലിഫോണില്‍ ബന്ധപ്പെട്ട് അഭിനന്ദനമറിയിച്ചു. എല്ലാ കളിക്കാര്‍ക്കും ടീമിന്റെ ഉദ്യോഗസ്ഥര്‍ക്കും ആശംസകള്‍ അറിയിക്കാന്‍ അദ്ദേഹം ബി.എഫ്.എ. പ്രസിഡന്റിനോട് അഭ്യര്‍ത്ഥിച്ചു. ഹമദ് രാജാവിനെയും കിരീടാവകാശി അഭിനന്ദിച്ചു.
