
കുവൈത്ത് സിറ്റി: കുവൈത്തിലെ ജാബര്‍ അല്‍ അഹമ്മദ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ഇന്ന് വൈകീട്ട് 7.30ന് ആരംഭിക്കുന്ന 26ാമത് അറേബ്യന്‍ ഗള്‍ഫ് കപ്പ് (ഖലീജി സെയ്ന് 26) ഫുട്ബോള്‍ ഫൈനല്‍ മത്സരത്തില്‍ ബഹ്റൈന്‍ ടീം വെള്ളയും ഒമാന്‍ ടീം ചുവപ്പും ജേഴ്സികളണിയും.
ഹമദ് അല്‍ മന്നാഇയുടെ അദ്ധ്യക്ഷതയില്‍ നടന്ന ടൂര്‍ണമെന്റ് കമ്മിറ്റിയുടെ സാങ്കേതിക ഏകോപന യോഗത്തിലാണ് ഈ തീരുമാനമുണ്ടായത്. ഗ്രാന്‍ഡ് ഹയാത്ത് (ഗ്രാന്‍ഡ് 360) ഹോട്ടലില്‍ നടന്ന യോഗത്തില്‍ കമ്മിറ്റി അംഗങ്ങള്‍, ഫൈനല്‍ മാച്ച് കമ്മീഷണര്‍, റഫറി അസെസ്സര്‍, ഗള്‍ഫ് കപ്പ് ഫുട്ബോള്‍ ഫെഡറേഷന് പ്രതിനിധികള്‍, ഫൈനല്‍ മത്സര സംഘാടക ടീം, ഇരു ടീമുകളുടെയും പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു. ടീമുകളുടെ വരവ് സമയം, ട്രോഫി അവതരണ ചടങ്ങ്, മറ്റ് അനുബന്ധ കാര്യങ്ങള്‍ എന്നിവയുള്‍പ്പെടെ എല്ലാ കാര്യങ്ങളും ചര്‍ച്ച ചെയ്തു.
