മനാമ: ബഹ്റൈന്റെ ദേശീയ വിമാനക്കമ്പനിയായ ഗൾഫ് എയർ ജൂൺ 22 മുതൽ കാർഡ്ബോർഡ് പെട്ടികൾ അനുവദിക്കും. ട്രാവൽ ഏജൻസികൾക്കയച്ച സർക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഇന്ത്യ, ബംഗ്ലാദേശ്, പാകിസ്താൻ, ശ്രീലങ്ക എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്ക് നിശ്ചിത അളവിലുള്ള കാർഡ് ബോർഡ് പെട്ടികൾ കൊണ്ടുപോകാമെന്ന് സർക്കുലറിൽ പറയുന്നു. 76 സെന്റീമീറ്റർ നീളവും 51 സെന്റീമീറ്റർ വീതിയും 31 സെന്റീമീറ്റർ ഉയരവുമാണ് പെട്ടികൾക്ക് അനുവദിച്ചിരിക്കുന്ന അളവ്. ഇതിൽ കൂടുതൽ വലിപ്പത്തിലുള്ള കാർഡ് ബോർഡ് പെട്ടികൾ അനുവദിക്കുകയില്ല.
2020 ഒക്ടോബറിലാണ് കാർഡ് ബോർഡ് പെട്ടികൾ സ്വീകരിക്കുന്നത് ഗൾഫ് എയർ നിർത്തലാക്കിയത്. ഇതേത്തുടർന്ന് യാത്രക്കാർ ഏറെ പ്രയാസം നേരിട്ടിരുന്നു. കൂടുതൽ വില കൊടുത്ത് ട്രോളി ബാഗുകൾ വാങ്ങേണ്ട സ്ഥിതിയിലായിരുന്നു യാത്രക്കാർ. യാത്രക്കാർക്ക് ഏറെ ആശ്വാസകരമായ തീരുമാനമാണ് ഗൾഫ് എയർ എടുത്തിരിക്കുന്നത്.
