
മനാമ: ബഹ്റൈന്റെ ദേശീയ വിമാനക്കമ്പനിയായ ഗള്‍ഫ് എയര്‍ സൗദി അറേബ്യയിലെ ദമ്മാമിലെ കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളം വഴി ഫ്രാങ്ക്ഫര്‍ട്ട്, നെയ്റോബി എന്നിവിടങ്ങളിലേക്കുകൂടി താല്‍ക്കാലിക കൊമേഴ്സ്യല്‍ സര്‍വീസ് വ്യാപിപ്പിക്കുന്നു. വരും ദിവസങ്ങളില്‍ കൂടുതല്‍ ഇടങ്ങളിലേക്കും സര്‍വീസുകള്‍ പ്രഖ്യാപിക്കും.
മാര്‍ച്ച് 23 മുതല്‍ 28 വരെ യാത്ര ചെയ്യാന്‍ രണ്ട് പുതിയ ലക്ഷ്യസ്ഥാനങ്ങള്‍ ലഭ്യമാകുമെന്നും ദമ്മാം വഴിയുള്ള താല്‍ക്കാലിക വാണിജ്യ വിമാനങ്ങളുടെ പട്ടികയില്‍ ഇവ ചേര്‍ക്കുമെന്നും ഗള്‍ഫ് എയര്‍ സൂചിപ്പിച്ചു. ലണ്ടന്‍ ഹീത്രോ, മുംബൈ, ബാങ്കോക്ക് എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളാണ് ഇതില്‍ ഉള്‍പ്പെടുന്നത്.
ഗള്‍ഫ് എയര്‍ സംഘടിപ്പിക്കുന്ന കര ഗതാഗത സേവനങ്ങള്‍ ഉപയോഗിക്കുന്ന, ബഹ്റൈനിലേക്കും തിരിച്ചും യാത്ര ചെയ്യുന്ന യാത്രക്കാര്‍ക്ക് മാത്രമായി സൗദി അറേബ്യ വഴി ട്രാന്‍സിറ്റ് വിസകള്‍ നല്കുന്നതില് ഗള്‍ഫ് എയര്‍ സഹായിക്കും. സൗദി അറേബ്യ അവസാന ലക്ഷ്യസ്ഥാനമായ യാത്രക്കാര്‍ക്ക് സ്വതന്ത്രമായി ക്രമീകരിച്ച സാധുവായ എന്‍ട്രി വിസ ഉണ്ടായിരിക്കണം.


