
മനാമ: ബഹ്റൈന്റെ ദേശീയ വിമാനക്കമ്പനിയായ ഗള്‍ഫ് എയര്‍ ദമ്മാമിലെ കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളം വഴി ഇസ്താംബുള്‍, ഏഥന്‍സ്, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കു കൂടി താല്‍ക്കാലിക സര്‍വീസുകള്‍ തുടങ്ങി.
നിലവിലെ സംഭവവികാസങ്ങള്‍ കാരണം ബഹ്റൈന്റെയും മേഖലയിലെ ചില രാജ്യങ്ങളുടെയും വ്യോമാതിര്‍ത്തി താല്‍ക്കാലികമായി അടച്ചിരിക്കുന്നതിനാല്‍ യാത്രക്കാര്‍ക്ക് ഇത് കൂടുതല്‍ സഹായകമാകും.
ദമ്മാം വഴി സര്‍വീസ് നടത്തുന്ന ഗള്‍ഫ് എയറിന്റെ നിലവിലെ താല്‍ക്കാലിക ശൃംഖലയ്ക്ക് പുറമെയാണ് ഈ പ്രത്യേക വിമാന സര്‍വീസുകള്‍. ലണ്ടന്‍ ഹീത്രോ, മുംബൈ, നെയ്റോബി, കെയ്റോ, ചെന്നൈ, ബാങ്കോക്ക്, കാസബ്ലാങ്ക, മനില, പാരീസ്, ഫ്രാങ്ക്ഫര്‍ട്ട് എന്നിവിടങ്ങളിലേക്കാണ് ഇതുവരെ സര്‍വീസുകളുണ്ടായിരുന്നത്.
ബഹ്റൈനിലേക്കും തിരിച്ചും യാത്ര ചെയ്യുന്നവര്‍ക്ക് മാത്രമായുള്ളതാണ് ഈ വിമാനങ്ങള്‍. പ്രാദേശിക യാത്രക്കാരെ ദമ്മാമില്‍നിന്ന് കയറാനോ അവിടെ ഇറങ്ങാനോ അനുവദിക്കില്ല. എയര്‍ലൈനിന്റെ നിലവിലെ നെറ്റ്വര്ക്കിലെ മറ്റേതെങ്കിലും സ്ഥലത്തേക്കുള്ള ഗതാഗതവും അനുവദിക്കില്ല.
ദമ്മാമിലെ കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് ഈ വിമാനങ്ങളില്‍ സ്ഥിരീകരിച്ച ബുക്കിംഗുകള്‍ കൈവശമുള്ള യാത്രക്കാര്‍ക്ക് ഗള്‍ഫ് എയര്‍ ഗതാഗതം ഒരുക്കും.
ബഹ്റൈനിലേക്കും തിരിച്ചും യാത്ര ചെയ്യുന്നവര്‍ക്ക് മാത്രമായി സൗദി അറേബ്യയിലേക്ക് ഗള്‍ഫ് എയര്‍ ട്രാന്‍സിറ്റ് വിസ സഹായവും നല്‍കും. സൗദി അറേബ്യക്കാരായ യാത്രക്കാര്‍ക്ക് സ്വതന്ത്രമായി ക്രമീകരിച്ച സാധുവായ വിസ ഉണ്ടായിരിക്കണം.
ഗള്‍ഫ് എയറിന്റെ gulfair.com എന്ന വെബ്സൈറ്റ് വഴിയോ മൊബൈല്‍ ആപ്പ് വഴിയോ അംഗീകൃത ട്രാവല്‍ ഏജന്റുമാര്‍ വഴിയോ ഈ വിമാനങ്ങളില്‍ ടിക്കറ്റ് ബുക്ക് ചെയ്യാം.


