
മനാമ: ബഹ്റൈന്റെ ദേശീയ വിമാനക്കമ്പനിയായ ഗള്‍ഫ് എയര്‍ ദമ്മാമിലെ കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള താല്‍ക്കാലിക കൊമേഴ്സ്യല്‍ സര്‍വീസ് കെയ്റോ, കാസബ്ലാങ്ക, ചെന്നൈ എന്നിവിടങ്ങളിലേക്കും വ്യാപിപ്പിക്കുന്നു.
വരും ദിവസങ്ങളില്‍ കൂടുതല്‍ ഇടങ്ങളിലേക്കുകൂടി സര്‍വീസ് നീട്ടുമെന്നും ഗള്‍ഫ് എയര്‍ അറിയിച്ചു. ദമ്മാം വഴി ലണ്ടന്‍ ഹീത്രോ, മുംബൈ, ബാങ്കോക്ക്, ഫ്രാങ്ക്ഫര്‍ട്ട്, നെയ്റോബി എന്നിവിടങ്ങളിലേക്ക് നിലവില്‍ താല്‍ക്കാലിക വാണിജ്യ വിമാന സര്‍വീസുകളുണ്ട്. പുതിയ സര്‍വീസുകള്‍ 2026 മാര്‍ച്ച് 28 വരെ യാത്രയ്ക്ക് ലഭ്യമാകും.
ബഹ്റൈന്റെ വ്യോമാതിര്‍ത്തി താല്‍ക്കാലികമായി അടച്ചിട്ടിരിക്കുന്ന സാഹചര്യത്തില്‍ ബഹ്റൈനിലേക്കും തിരിച്ചുമുള്ള അന്താരാഷ്ട്ര ബന്ധം നിലനിര്‍ത്താനുള്ള ഗള്‍ഫ് എയറിന്റെ തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമായാണിത്.
ബഹ്റൈനും ദമ്മാമിലെ കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിനുമിടയില്‍ ഈ വിമാനങ്ങളില്‍ സ്ഥിരീകരിച്ച ബുക്കിംഗുകള്‍ കൈവശമുള്ള യാത്രക്കാര്‍ക്ക് ഗള്‍ഫ് എയര്‍ ഗതാഗത സൗകര്യം നല്‍കും.


