
മനാമ: ബഹ്റൈന്റെ ദേശീയ വിമാനക്കമ്പനിയായ ഗള്‍ഫ് എയര്‍ ദമ്മാമിലെ കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളം വഴി ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ തിരഞ്ഞെടുത്ത സ്ഥലങ്ങളിലേക്ക് പരിമിതമായ സര്‍വീസുകള്‍ ആരംഭിച്ചു.
നിലവിലെ സംഭവവികാസങ്ങള്‍ കാരണം ബഹ്റൈന്റെയും മേഖലയിലെ ചില രാജ്യങ്ങളുടെയും വ്യോമാതിര്‍ത്തി താല്‍ക്കാലികമായി അടച്ചിരിക്കുന്നതിനാല്‍ യാത്രക്കാര്‍ക്ക് ഇത് കൂടുതല്‍ സഹായകമാകും.
ദമ്മാം വഴി സര്‍വീസ് നടത്തുന്ന ഗള്‍ഫ് എയറിന്റെ നിലവിലെ താല്‍ക്കാലിക ശൃംഖലയ്ക്ക് പുറമെയാണ് ഈ പ്രത്യേക വിമാന സര്‍വീസുകള്‍. ലണ്ടന്‍ ഹീത്രോ, ബാങ്കോക്ക്, മുംബൈ, ചെന്നൈ, മനില, കെയ്റോ, ഫ്രാങ്ക്ഫര്‍ട്ട്, പാരീസ്, കാസബ്ലാങ്ക, നെയ്റോബി എന്നിവ ഉള്‍പ്പെടുന്ന 10 സ്ഥലങ്ങളിലേക്കാണ് നിലവില്‍ സര്‍വീസ്.
ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ തിരഞ്ഞെടുക്കപ്പെട്ട ഇടങ്ങളില്‍നിന്ന് ബഹ്റൈനിലേക്കും തിരിച്ചും യാത്ര ചെയ്യാന്‍ യോഗ്യരായ യാത്രക്കാര്‍ക്കായി ഗള്‍ഫ് എയര്‍ താഴെ പറയുന്ന സര്‍വീസുകളാണ് നടത്തുന്നത്:
മാര്‍ച്ച് 27: ധാക്ക- ദമ്മാം, ദമ്മാം- ധാക്ക
മാര്‍ച്ച് 27, 29: കൊച്ചി- ദമ്മാം
മാര്‍ച്ച് 28: ന്യൂഡല്‍ഹി- ദമ്മാം
മാര്‍ച്ച് 29: ദമ്മാം- തിരുവനന്തപുരം
മാര്‍ച്ച് 30: തിരുവനന്തപുരം- ദമ്മാം
ഏപ്രില്‍ 1: കൊച്ചി- ദമ്മാം
ഏപ്രില്‍ 3: ദമ്മാം- ധാക്ക, ധാക്ക- ദമ്മാം
ബഹ്റൈനിലേക്കും തിരിച്ചും യാത്ര ചെയ്യുന്നവര്‍ക്ക് മാത്രമായുള്ളതാണ് ഈ വിമാനങ്ങള്‍. പ്രാദേശിക യാത്രക്കാരെ ദമ്മാമില്‍നിന്ന് കയറാനോ അവിടെ ഇറങ്ങാനോ അനുവദിക്കില്ല. എയര്‍ലൈനിന്റെ നിലവിലെ നെറ്റ്വര്ക്കിലെ മറ്റേതെങ്കിലും സ്ഥലത്തേക്കുള്ള ഗതാഗതവും അനുവദിക്കില്ല.
യാത്രക്കാര്‍ക്ക് ഗള്‍ഫ് എയര്‍ മൊബൈല്‍ ആപ്ലിക്കേഷനായ gulfair.com വഴിയോ അംഗീകൃത ട്രാവല്‍ ഏജന്റുമാര്‍ വഴിയോ വിമാന ടിക്കറ്റ് ബുക്ക് ചെയ്യാം. സ്ഥിരീകരിച്ച ബുക്കിംഗുകള്‍ കൈവശമുള്ള യാത്രക്കാര്‍ക്ക് ബഹ്റൈനും ദമ്മാമിലെ കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിനുമിടയില്‍ ഗള്‍ഫ് എയര്‍ ഗതാഗത സൗകര്യം നല്‍കും.
ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള ഗള്‍ഫ് എയര്‍ വിമാനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. ബഹ്റൈന്റെ വ്യോമാതിര്‍ത്തി വീണ്ടും തുറന്നാല്‍ എയര്െലൈന് സാധാരണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കും.
ഏറ്റവും പുതിയ വിവരങ്ങള്‍ക്കായി gulfair.com സന്ദര്‍ശിക്കുകയോ ഗള്‍ഫ് എയര്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിക്കുകയോ ചെയ്യാവുന്നതാണ്.


