
മനാമ: ബഹ്റൈന്റെ ദേശീയ വിമാനക്കമ്പനിയായ ഗള്‍ഫ് എയര്‍ ജനുവരി 22, 23 വരെ തിയതികളിലായി ‘സുസ്ഥിര ഭാവിയിലേക്ക്’ എന്ന വിഷയത്തില്‍ വാര്‍ഷിക അന്താരാഷ്ട്ര സമ്മേളനം സംഘടിപ്പിച്ചു.
ബഹ്റൈന്‍ ടൂറിസം മന്ത്രി ഫാത്തിമ ബിന്ത് ജാഫര്‍ അല്‍ സൈറാഫി, ഗള്‍ഫ് എയര്‍ ഗ്രൂപ്പ് ചെയര്മാന് ഖാലിദ് ഹുസൈന് താഖി, ഗള്‍ഫ് എയര്‍ ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ജെഫ്രി ഗോ എന്നിവരും ഗള്‍ഫ് എയറിന്റെ സീനിയര്‍ മാനേജ്മെന്റ് ടീമും എയര്‍ലൈനിന്റെ ആഗോള ശൃംഖലയിലുടനീളമുള്ള എയര്‍പോര്‍ട്ട് മാനേജര്‍മാരും കണ്ട്രി മാനേജര്‍മാരും സമ്മേളനത്തില്‍ പങ്കെടുത്തു.
ടൂറിസവും വ്യോമയാന വ്യവസായവും തമ്മിലുള്ള ശക്തമായ ബന്ധം സമ്മേളനത്തില്‍ മന്ത്രി പരാമര്‍ശിച്ചു. നാഷണല്‍ കാരിയറിന്റെ വിശാലമായ ശൃംഖല നല്കുന്ന സുപ്രധാന അവസരങ്ങളും ബഹ്റൈനിലെ വിനോദസഞ്ചാരം വര്‍ദ്ധിപ്പിക്കുന്നതിലും കൂടുതല്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിലും അതിന്റെ വലിയ സ്വാധീനവും അവര്‍ ചൂണ്ടിക്കാട്ടി.
വ്യോമയാനരംഗത്ത് സുസ്ഥിരമായ ഭാവിക്ക് സഹകരണത്തിനും നവീകരണത്തിനും ഏറെ പ്രാധാന്യമുണ്ടെന്ന് എയര്‍ ഗ്രൂപ്പ് ചെയര്മാന് പറഞ്ഞു.
സമ്മേളനത്തില്‍ 2024ലെ എയര്‍ലൈനിന്റെ തുടര്‍വിജയത്തിന് നിര്‍ണായക സംഭാവനകള്‍ നല്കിയ മികച്ച എയര്‍പോര്‍ട്ട് മാനേജര്‍മാരെയും (എ.പി.എം), കണ്ട്രി മാനേജര്‍മാരെയും (സി.എം) ആദരിച്ചു. അസാധാരണമായ പ്രവര്‍ത്തന പ്രകടനത്തിനുള്ള അവാര്‍ഡുകള്‍ ജെഫ്രി ഗോഹും ചീഫ് ഓപ്പറേഷന്‍സ് ഓഫീസര്‍ ക്യാപ്റ്റന്‍ കാസിം ഇസ്മയിലും സമ്മാനിച്ചു.
