
മനാമ: ബഹ്റൈനും ഒമാനും ഏറ്റുമുട്ടുന്ന ഗള്‍ഫ് കപ്പ് (ഖലീജി സെയിന്‍ 26) ഫൈനല്‍ ഫുട്ബോള്‍ മത്സരം കാണുന്നതിന് ബഹ്റൈനിലെ ഫുട്ബോള്‍ പ്രേമികളെ കുവൈത്തിലെത്തിക്കാന്‍ ബഹ്റൈന്റെ ദേശീയ വിമാനക്കമ്പനിയായ ഗള്‍ഫ് എയര്‍ ഒമ്പത് പ്രത്യേക സര്‍വീസുകള്‍ നടത്തും.
ജനുവരി 4ന് ബഹ്റൈനില്‍നിന്ന് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും 5ന് തിരിച്ചുമാണ് വിമാനങ്ങള്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ബഹ്റൈന്‍ ഒളിമ്പിക് കമ്മിറ്റിയുമായി (ബി.ഒ.സി) സഹകരിച്ചുള്ള ഈ പദ്ധതിക്ക്് ഗള്‍ഫ് എയറിന്റെയും സ്വകാര്യ സ്പോണ്‍സര്‍മാരുടെയും പിന്തുണയുണ്ട്. കമ്മിറ്റി മുഖേന സൗജന്യ രജിസ്ട്രേഷന് ഏര്‍പ്പാടാക്കിയിട്ടുമുണ്ട്. വര്‍ദ്ധിച്ച ആവശ്യം നിറവേറ്റുന്നതിനായി അധിക വിമാനങ്ങള്‍ ക്രമീകരിക്കുകയും ചെയ്തു.
സുഗമമായ യാത്ര ഉറപ്പാക്കാന്‍ ക്യാബിന് ക്രൂ, ഗ്രൗണ്ട് സ്റ്റാഫ്, എയര്‍പോര്‍ട്ട് ഹാന്‍ഡ്ലിംഗ് എന്നിവയുള്‍പ്പെടെയുള്ള സേവനങ്ങള്‍ മെച്ചപ്പെടുത്തിക്കൊണ്ട് ഗള്‍ഫ് എയര്‍ ഈ ഫ്ളൈറ്റുകളുടെ ശേഷി വര്‍ദ്ധിപ്പിച്ചു.
ഇതിനായി സംഭാവന നല്കിയ എല്ലാവരെയും എയര്‍ലൈന്‍ അഭിനന്ദിക്കുകയും ഗള്‍ഫ് കപ്പ് കിരീടം നേടുന്നതിനും വിജയിച്ച് നാട്ടിലേക്ക് മടങ്ങുന്നതിനും ബഹ്റൈന്റെ ദേശീയ ഫുട്ബോള്‍ ടീമിന് ആശംസകള്‍ നേരുകയും ചെയ്തു.
