
മനാമ: മതപരമായ സഹവര്‍ത്തിത്വത്തിന് ബഹ്റൈന്‍ ഗിന്നസ് റെക്കോര്‍ഡ് സ്ഥാപിച്ചു.
മനാമയിലെ കിംഗ് ഹമദ് സെന്റര്‍ ഫോര്‍ കോ എക്സിസ്റ്റന്‍സ് ആന്റ് ടോളറന്‍സില്‍ നടന്ന അന്താരാഷ്ട്ര സമാധാനപരമായ സഹവര്‍ത്തിത്വ ദിനാഘോഷ വേളയിലാണ് ഈ പ്രഖ്യാപനമുണ്ടായത്. നിശ്ചിത സ്ഥലപരിധിക്കുള്ളില്‍ ഏറ്റവും കൂടുതല്‍ ആരാധനാലയങ്ങളുള്ള രാജ്യമായി സൂക്ഷ്മ പരിശോധനയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് റെക്കോര്‍ഡില്‍ നേടിയത്.
ഒരു ചതുരശ്ര കിലോമീറ്റര്‍ പരിധിയില്‍ കുറഞ്ഞത് 2.300 ആരാധനാലയങ്ങളുണ്ടായിരിക്കണമെന്നതാണ് റെക്കോര്‍ഡില്‍ ഇടം നേടാനുള്ള യോഗ്യത. 2026 ജനുവരി 28ന് പരിശോധിച്ച കണക്കുകള്‍ പ്രകാരം രാജ്യത്ത് ഒരു ചതുരശ്ര കിലോമീറ്റര്‍ പരിധിക്കുള്ളില്‍ 2.577 ആരാധനാലയങ്ങളുണ്ട്.
ബഹ്റൈനില്‍ മൊത്തം 2,123 ആരാധനാലയങ്ങളാണുള്ളത്. ഇതില്‍ ഇസ്ലാം, മറ്റ് അബ്രഹാമിക് മതങ്ങള്‍ എന്നിവയുടെ പള്ളികള്‍ക്കു പുറമെ ക്ഷേത്രങ്ങളുമുണ്ട്.
ബഹ്റൈന്റെ കാര്യത്തില്‍ ഇത് വെറും സംഖ്യകളുടെയോ സ്ഥിതിവിവരക്കണക്കുകളുടെയോ മാത്രം കാര്യമല്ലെന്നും വ്യത്യസ്ത വിശ്വാസങ്ങളുള്ളവര്‍ പരസ്യമായും പരസ്പര ആദരവോടെയും ഒരുമിച്ചു കഴിയുന്ന അവസ്ഥ രാജ്യത്തുണ്ടെന്നും പ്രഖ്യാപനം നടത്തിക്കൊണ്ട് അഡ്ജുഡിക്കേറ്റര്‍ വ്യക്തമാക്കി.


