കൊല്ലം: പൊലീസിനെയും നാട്ടുകാരെയും 54 മണിക്കൂറോളം മുള്‍മുനയില്‍ നിർത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച കൊല്ലം ചിതറ സ്വദേശി സജീവനെ ഒടുവിൽ പിടികൂടി. സാഹസികമായി പൊലീസും നാട്ടുകാരും ചേർന്ന് സജീവനെ കീഴ്പ്പെടുത്തി. കഴിഞ്ഞ രണ്ട് ദിവസമായി റോട്ട് വീലർ ഇനത്തിൽപ്പെട്ട നായയെ തുറന്നുവിട്ടതിനാല്‍ വീട്ടിൽ കയറി സജീവനെ പിടികൂടാൻ പൊലീസിന് കഴിഞ്ഞിരുന്നില്ല. ഫയർഫോഴ്സിന്റെ സഹായത്തോടെ നായയെ മാറ്റിയ ശേഷമാണ് പൊലീസിനും നാട്ടുകാർക്കും വീടിനുള്ളിൽ പ്രവേശിക്കാൻ കഴിഞ്ഞത്. വടിവാള്‍ വീശി വീട്ടിനുള്ളില്‍ തന്നെ നിലയുറപ്പിച്ച സജീവനെ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ ശനിയാഴ്ച വൈകിട്ട് മൂന്ന് മണിയോടെയാണ് പിടികൂടിയത്.
സജീവനെ പിടികൂടാൻ നിരവധി തവണ പൊലീസ് വീട്ടിൽ കയറിയെങ്കിലും വടിവാള്‍ വീശിയതോടെ തിരിച്ചിറങ്ങേണ്ടി വന്നു. കൊല്ലം എസ്.പി.സി.ഐ സീനിയർ ഇൻസ്പെക്ടർ റിജുവാണ് ഒടുവിൽ പിന്നിൽ കൂടി വന്ന് സജീവനെ ആദ്യം കീഴ്പ്പെടുത്തിയത്. സജീവനെ പിന്നീട് പൊലീസും നാട്ടുകാരും വളഞ്ഞു. പൊലീസ് അകത്ത് കടന്നാൽ ആത്മഹത്യ ചെയ്യുമെന്നും അമ്മയെ കൊന്നുകളയുമെന്നും സജീവൻ ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനിടയിൽ സജീവന്റെ കണ്ണൊന്ന് തെറ്റിയപ്പോള്‍ പിറകില്‍നിന്ന് ഇൻസ്പെക്ടർ റിജു കീഴ്പ്പെടുത്തുകയായിരുന്നു.
സജീവനെ ബലം പ്രയോഗിച്ച് വിലങ്ങണിയിച്ച് തോളിലിട്ടാണ് പൊലീസ് വാഹനത്തിലേക്ക് മാറ്റിയത്. സജീവന്റെ അമ്മയെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സജീവന്റെ ആക്രമണത്തിൽ നാട്ടുകാരിൽ ഒരാൾക്ക് പരിക്കേറ്റു.