
കൊച്ചി: തിളക്കമാര്‍ന്ന വിജയത്തോടെ കൊച്ചി കോര്‍പ്പറേഷനില്‍ ഭരണം തിരിച്ചു പിടിച്ചിട്ടും, പതിവ് ഗ്രൂപ്പു തര്‍ക്കത്തെത്തുര്‍ന്ന് മേയറെ കണ്ടെത്താനാകാതെ കോണ്‍ഗ്രസ്. ഫലം വന്ന് ഒരാഴ്ച പിന്നിട്ടിട്ടും മേയറെ തീരുമാനിക്കാനായിട്ടില്ല. ഫോര്‍ട്ട് കൊച്ചിയില്‍ നിന്ന് ജയിച്ച ഷൈനി മാത്യുവിനായി എ ഗ്രൂപ്പും, കെപിസിസി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസ്, പാലാരിവട്ടം ഡിവിഷനില്‍ നിന്ന് ജയിച്ച അഡ്വ. വി കെ മിനിമോള്‍ എന്നിവര്‍ക്കായി ഐ ഗ്രൂപ്പും രംഗത്തുണ്ട്. ഐ ഗ്രൂപ്പില്‍ ദീപ്തി വേണോ മിനിമോള്‍ വേണോ എന്നതിലും തര്‍ക്കമുണ്ട്.
മേയറെ തീരുമാനിക്കുന്നതിനായി പാര്‍ട്ടി നേതൃത്വം കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരില്‍ നിന്നും അഭിപ്രായം തേടിയിരുന്നു. കൗണ്‍സിലര്‍മാരുടെ പിന്തുണയില്‍ നേരിയ മുന്‍തൂക്കം ഷൈനി മാത്യുവിനാണെന്നാണ് റിപ്പോര്‍ട്ട്. ദീപ്തിയും മിനിമോളും ഒപ്പത്തിനൊപ്പമെന്നും സൂചനയുണ്ട്. ചില കൗണ്‍സിലര്‍മാര്‍ ആരുടെയും പേര് നിര്‍ദേശിച്ചില്ല. മേയറെ ഇന്നുതന്നെ തീരുമാനിക്കാനായി തിരക്കിട്ട ചര്‍ച്ചകള്‍ തുടരുകയാണ്. കോര്പ്പറേഷന് കോര്‍ കമ്മിറ്റി യോഗത്തില്‍ തീരുമാനമായില്ലെങ്കില്‍ മേയറെ കെപിസിസി പ്രഖ്യാപിച്ചേക്കും.
ദീപ്തി മേരി വര്‍ഗീസിന്റെ പാര്‍ട്ടിയിലെ സീനിയോറിറ്റി പരിഗണിക്കണമെന്നാണ് ഒരു വിഭാഗം മുതിര്‍ന്ന നേതാക്കള്‍ ആവശ്യപ്പെടുന്നത്. കെപിസിസി സംഘടനാ പദവിയില്‍ ഉയര്‍ന്ന സ്ഥാനത്തിരിക്കുന്നവര്‍ക്ക് പരിഗണന നല്‍കണമെന്ന പാര്‍ട്ടി സര്‍ക്കുലറും ഇവര്‍ ഉയര്‍ത്തിക്കാട്ടുന്നു. എന്നാല്‍ മേയറെ പാര്‍ട്ടി തീരുമാനിക്കുമെന്നാണ് ദീപ്തി മേരി വര്‍ഗീസ് പ്രതികരിച്ചത്. വികസനത്തില്‍ പിന്നാക്കം നില്ക്കുന്ന പശ്ചിമ കൊച്ചി മേഖലയില്‍ നിന്നുള്ള കൗണ്‍സിലറായ ഷൈനി മാത്യുവിനെ മേയര്‍ സ്ഥാനത്തേക്ക് പരിഗണിക്കണം എന്ന ആവശ്യവുമായി രണ്ട് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാര്‍ പാര്‍ട്ടി നേതൃത്വത്തിന് കത്ത് നല്‍കിയിട്ടുണ്ട്.
മഹിളാ കോണ്‍ഗ്രസ് ഉപാധ്യക്ഷയായ വി കെ മിനിമോള്‍ക്കു വേണ്ടിയും ഐ ഗ്രൂപ്പില്‍ ശക്തമായ വാദമുണ്ട്. മേയര്‍ സ്ഥാനം ലത്തീന്‍ കത്തോലിക്ക വിഭാഗത്തില്‍പ്പെട്ട ആള്‍ക്ക് നല്‍കണമെന്ന അഭിപ്രായവും ഉയര്‍ന്നിട്ടുണ്ട്. വരാപ്പുഴ അതിരൂപതയുടെ അല്മായ സംഘടനയും ഈ ആവശ്യം ഉന്നയിച്ചിരുന്നു. ലത്തീന്‍ കത്തോലിക്ക വിഭാഗത്തെ പരിഗണിച്ചാല്‍ മിനിമോള്‍ക്ക് സാധ്യത കൂടും. അതേസമയം സമുദായ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങരുതെന്ന അഭിപ്രായവും പാര്‍ട്ടിയിലുണ്ട്. മേയര്‍ സ്ഥാനത്തില്‍ നിന്നുള്ളയാള്‍ വരുന്ന സ്ഥിതിക്ക്, ഡെപ്യൂട്ടി മേയര്‍ പദവിയിലേക്ക് ഭൂരിപക്ഷ സമുദായത്തില്‍ നിന്നുള്ളയാളെ പരിഗണിച്ചേക്കും.


