മനാമ: രാജ്യത്തെ 137 ട്രാഫിക് സിഗ്നലുകളില്‍ ഗ്രീന്‍ ഫ്ലാഷ് സംവിധാനം പൂർത്തിയായതായി പൊതുമരാമത്ത്-മുനിസിപ്പല്‍-നഗരാസൂത്രണകാര്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ വർഷം ഫെബ്രുവരി മുതലാണ് ഈ സംവിധാനം ട്രാഫിക് സിഗ്നലുകളില്‍ ഏര്‍പ്പെടുത്തി തുടങ്ങിയത്. 19 ട്രാഫിക് സിഗ്നലുകളിൽകൂടി ഇത് ഏര്‍പ്പെടുത്തുമെന്ന് മന്ത്രാലയം അറിയിച്ചു. സിഗ്നൽ ചുവപ്പായി മാറുന്നതിന് മുമ്പ് വാഹനമോടിക്കുന്നവർക്ക് അധിക മുന്നറിയിപ്പ് നൽകുകയാണ് ഈ സംവിധാനത്തിന്റെ ലക്ഷ്യം.
മിഡിൽ ഈസ്റ്റ് ഹോസ്പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക
റെഡ് സിഗ്നല്‍ മുറിച്ചുകടക്കുന്നതു വഴിയുള്ള അപകടം കുറക്കുന്നതിന് ഓരോ സിഗ്നലുകളിലേക്കും മാറുമ്പോള്‍ പച്ച ലൈറ്റ് മൂന്നുവട്ടം മിന്നിത്തെളിയും. ഇതുവഴി അപകടങ്ങള്‍ 10 ശതമാനം കുറക്കാന്‍ സാധിക്കുമെന്ന് കണ്ടതിനെത്തുടര്‍ന്ന് പരീക്ഷണാടിസ്ഥാനത്തില്‍ ഏപ്പടുത്തിയ സംവിധാനം രാജ്യത്തെ മുഴുവൻ സിഗ്നലുകളിലേക്കും വ്യാപിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. നിലവില്‍ പ്രധാന നിരത്തുകളില്‍ സംവിധാനം നിലവില്‍ വന്നിട്ടുണ്ട്. കഴിഞ്ഞവര്‍ഷം നടന്ന സ്മാര്‍ട്ട് സിറ്റീസ് സമ്മേളനത്തിലാണ് വിവിധ രാജ്യങ്ങളില്‍ പരീക്ഷിച്ച് വിജയിച്ച ഗ്രീന്‍ ഫ്ലാഷ് ലൈറ്റ് സംവിധാനം ബഹ്റൈന്‍ നിരത്തുകളിലും ഏർപ്പെടുത്താൻ തീരുമാനിച്ചതെന്ന് മന്ത്രാലയത്തിലെ റോഡ്സ് എൻജിനീയറിങ് ആൻഡ് പ്ലാനിങ് വിഭാഗം ഡയറക്ടര്‍ മഹ ഖലീഫ ഹമാദ വ്യക്തമാക്കി.