കൊച്ചി: മരട് നെട്ടൂരിലെ ഇറച്ചിക്കടയിൽ പഴകിയ ഇറച്ചി പിടികൂടി. ദുർഗന്ധം വമിച്ച് നിറം മാറിയ ഇറച്ചി ആണ് പിടിച്ചെടുത്തത്. രാവിലെ ഇറച്ചി വാങ്ങി വീട്ടിലെത്തി മുറിച്ചപ്പോഴാണ് പച്ചനിറവും വലിയ അളവിൽ ദുർഗന്ധവുമുള്ളതായി ഉപഭോക്താക്കൾ ശ്രദ്ധിച്ചത്. ഇതോടെ ഇറച്ചി വാങ്ങിയ കടയിലേക്ക് തിരികെ നൽകി.
സ്ഥാപനത്തിന് പേരോ മുനിസിപ്പാലിറ്റിയുടെയോ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെയോ ലൈസന്‍സോ ഇല്ല. ജീവനക്കാർക്ക് ഹെൽത്ത് കാർഡ് ഉണ്ടായിരുന്നില്ല.
ഇറച്ചി പഴകിയതല്ലെന്നാണ് കടയുടമ ആദ്യം തിരികെ കൊണ്ടുവന്നയാളോട് പറഞ്ഞത്. എന്നാൽ ഇയാളിൽ നിന്ന് വാങ്ങിയ ഇറച്ചിയുമായി ആളുകൾ വീണ്ടും തിരിച്ചെത്തി തിരികെ ഏല്‍പ്പിക്കുകയായിരുന്നു. തുടർന്ന് നഗരസഭ ആരോഗ്യവകുപ്പിനെ വിവരമറിയിക്കുകയും ഇവർ സ്ഥലത്തെത്തി പരിശോധന നടത്തുകയും ചെയ്തു. ദുര്‍ഗന്ധമുള്ളതും നിറം മാറിയതുമായ ഇറച്ചിയായതിനാല്‍ കടയടമയ്ക്കെതിരേ നടപടിയെടുത്തു. കട താൽക്കാലികമായി അടച്ചിടാൻ നിര്‍ദേശിച്ചു. പരിശോധനാഫലം വന്ന ശേഷം തുടർനടപടി സ്വീകരിക്കുമെന്ന് മുനിസിപ്പൽ അധികൃതർ അറിയിച്ചു.