
മനാമ: മദ്ധ്യപൗരസ്ത്യ മേഖലയിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് സൂക്ഷ്മമായ വിലയിരുത്തലുകള്‍ക്ക് ശേഷം ബഹ്റൈന്‍, സൗദി അറേബ്യ ഗ്രാന്‍ഡ്സ് പ്രീ ഏപ്രിലില്‍ നടത്തില്ലെന്ന് തീരുമാനിച്ചു.
നിരവധി ബദലുകള്‍ പരിഗണിച്ചെങ്കിലും പിന്നീട് അത് വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. ഫോര്‍മുല 2, ഫോര്‍മുല 3, എഫ്1 അക്കാദമി റൗണ്ടുകളും നിശ്ചിത സമയത്ത് നടക്കില്ല. എഫ്.ഐ.എയുമായും ബന്ധപ്പെട്ട പ്രൊമോട്ടര്‍മാരുമായും പൂര്‍ണ്ണമായി കൂടിയാലോചിച്ച ശേഷമാണ് തീരുമാനമെടുത്തത്.
ഇത് എടുക്കാന്‍ ബുദ്ധിമുട്ടുള്ള ഒരു തീരുമാനമായിരുന്നെങ്കിലും മേഖലയിലെ നിലവിലെ സാഹചര്യം കണക്കിലെടുക്കുമ്പോള്‍ നിര്‍ഭാഗ്യവശാല്‍ ഈ ഘട്ടത്തില്‍ ഇത് ശരിയായ തീരുമാനമാണെന്ന് ഫോര്‍മുല 1 പ്രസിഡന്റും സി.ഇ.ഒയുമായ സ്റ്റെഫാനോ ഡൊമെനിക്കലി പറഞ്ഞു.
എഫ്.ഐ.എ. എപ്പോഴും നമ്മുടെ സമൂഹത്തിന്റെയും സഹപ്രവര്‍ത്തകരുടെയും സുരക്ഷയ്ക്കും ക്ഷേമത്തിനും പ്രഥമ പരിഗണന നല്‍കുമെന്ന് എഫ്.ഐ.എ. പ്രസിഡന്റ് മുഹമ്മദ് ബെന്‍ സുലൈം പറഞ്ഞു. മേഖലയില്‍ ശാന്തതയും സുരക്ഷയും സ്ഥിരതയിലേക്കുള്ള വേഗത്തിലുള്ള തിരിച്ചുവരവും പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.


