
മനാമ: ബഹ്റൈനിലെ ജനസാന്ദ്രതയുള്ള പ്രദേശത്ത് സ്ഥിതിചെയ്യുന്ന ഗള്‍ഫ് പെട്രോകെമിക്കല്‍ ഇന്‍ഡസ്ട്രീസ് കമ്പനി (ജി.പി.ഐ.സി) കേന്ദ്രത്തിനു നേരെ ഏപ്രില്‍ 5ന് ഇറാന് നടത്തിയ ആക്രമണം ജീവന്, സ്വത്ത്, അടിസ്ഥാന സൗകര്യങ്ങള്‍, വ്യാവസായിക- എണ്ണ സ്ഥാപനങ്ങള്‍ എന്നിവയ്ക്കെതിരായ നഗ്നമായ ആക്രമണമാണെന്നും അന്താരാഷ്ട്ര മാനുഷിക നിയമപ്രകാരം കുറ്റകരമാക്കുകയും അന്താരാഷ്ട്ര കണ്‍വെന്‍ഷനുകളും മാനദണ്ഡങ്ങളും തള്ളിക്കളയുകയും ചെയ്ത യുദ്ധക്കുറ്റങ്ങള്‍ക്ക് തുല്യമാണെന്നും ആഭ്യന്തര മന്ത്രാലയം അഭിപ്രായപ്പെട്ടു.
പൊതുജന സംരക്ഷണം ശക്തിപ്പെടുത്താനും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമായി സര്‍ക്കാര്‍ സ്വീകരിച്ച മുന്‍കരുതല്‍, പ്രതിരോധ നടപടികള്‍ ഇല്ലായിരുന്നെങ്കില്‍ ആക്രമണത്തില്‍ വന്‍തോതില്‍ ജീവനും സ്വത്തിനും നാശനഷ്ടമുണ്ടാകുമായിരുന്നു. ജി.പി.ഐ.സി. കേന്ദ്രത്തിനുണ്ടായ നാശനഷ്ടങ്ങള്‍ ഉടനടി നിയന്ത്രണവിധേയമാക്കി. അത്തരം സന്ദര്‍ഭങ്ങളില്‍ പാലിക്കുന്ന സുരക്ഷാ ആവശ്യകതകള്‍ക്കനുസൃതമായി രണ്ടാം ഘട്ട സാങ്കേതിക പ്രവൃത്തികളുടെയും അറ്റകുറ്റപ്പണികളുടെയും ഭാഗമായി ജോലികള്‍ പുനരാരംഭിക്കാന്‍ നടപടികള്‍ സ്വീകരിച്ചതായും മന്ത്രാലയം അറിയിച്ചു.


