കൊച്ചി: പല എൻട്രൻസ് കോച്ചിങ് സ്ഥാപനങ്ങളും അമിതഫീസ് ഈടാക്കുന്നുണ്ടെന്നും സർക്കാർ അംഗീകാരമില്ലാതെയാണ് ഇത്തരം സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതെന്നും വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. അമിതഫീസ് ഈടാക്കുന്നത് തടയാനായി പൊതുനയം രൂപവത്കരിക്കുന്നത് സർക്കാർ പരിഗണനയിലുണ്ടെന്നും മന്ത്രി പറഞ്ഞു.
സ്ഥാപനങ്ങളുടെ പ്രവർത്തനത്തിനായി പൊതുമാനദണ്ഡങ്ങളോ ഏകീകരിച്ച മാർഗനിർദേശങ്ങളോ നിലവിലില്ല. പല കുട്ടികളും ഓപ്പൺ സ്കൂളിൽ രജിസ്ട്രേഷൻ നേടി ഇത്തരം സ്ഥാപനങ്ങളിൽ പരിശീലനം നേടുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. അൺ എയ്ഡഡ് സ്കൂളുകളിൽ പ്രവേശനത്തിന് വൻതുക വാങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇവയിൽ പലതും അംഗീകാരമില്ലാതെയാണ് പ്രവർത്തിക്കുന്നത്. ഫീസ് പിരിവുമായി ബന്ധപ്പെട്ട് ഇത്തരം സ്ഥാപനങ്ങളിൽ ഏകീകൃതമായി ഒരു ഫീസ്ഘടന രൂപപ്പെടുത്തുന്നതിന് സർക്കാർ നയപരമായ തീരുമാനമെടുത്തിട്ടുണ്ട്. ചില അൺ എയ്ഡഡ് സ്കൂളുകൾ ടി.സി. തടഞ്ഞുവെക്കുന്നതായി പരാതിയുണ്ട്. ടി.സി. ഇല്ലാതെതന്നെ ഇത്തരം കുട്ടികൾക്ക് എയ്ഡഡ് സ്കൂളുകളിൽ പ്രവേശനം നൽകുമെന്നും മന്ത്രി പറഞ്ഞു.