തിരുവനന്തപുരം: മിത്ത് വിവാദത്തിൽ നടത്തിയ നാമജപവുമായി ബന്ധപ്പെട്ട് എൻഎസ്എസിനെതിരെ ചുമത്തിയ കേസ് അവസാനിപ്പിക്കാൻ നീക്കം. പുതുപ്പള്ളി തെരഞ്ഞെടുപ്പിന്റെ കൂടി പശ്ചാത്തലത്തിലാണ് കേസ് എഴുതിത്തള്ളാൻ നീക്കം നടത്തുന്നത്. അനുമതിയില്ലാതെയാണ് നാമജപ ഘോഷയാത്ര നടത്തിയതെന്ന് ഹൈക്കോടതിയിൽ പൊലീസ് റിപ്പോർട്ട് നൽകിയിരുന്നു. ഹൈക്കോടതിയിൽ കേസ് നിലനിൽക്കുന്ന സാഹചര്യത്തിൽ കേസ് അവസാനിപ്പിക്കുക എളുപ്പമല്ല. ഇക്കാര്യത്തിൽ പൊലീസ് നിയമോപദേശം തേടും.
എൻഎസ്എസ് ജാഥയ്ക്ക് ഗൂഢ ലക്ഷ്യമൊന്നും ഉണ്ടായിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാവും കേസ് അവസാനിപ്പിക്കുക. എന്നാൽ ഇത് എളുപ്പത്തിൽ നടക്കില്ല. റോഡിന്റെ ഒരു ഭാഗം മുഴുവനായും യാത്ര തടസ്സപ്പെടുത്തിക്കൊണ്ടായിരുന്നു നാമജപയാത്ര നടത്തിയത്. മാർഗതടസം നടത്തി ജാഥകൾ സംഘടിപ്പിക്കരുതെന്ന് കേരളാ ഹൈക്കോടതി വിധിയുണ്ട്. ഇത് ലംഘിച്ച് കേസ് അവസാനിപ്പിച്ചാൽ നിയമപ്രശ്നങ്ങൾ ഏറെയുണ്ടാകും. കേസ് അവസാനിപ്പിക്കണമെന്ന സമാന ആവശ്യവുമായി വേറെയും സംഘടനകൾ രംഗത്ത് വരികയും ചെയ്തേക്കും. ഈ സാഹചര്യത്തിലാണ് പൊലീസ് നിയമോപദേശം തേടിയിരിക്കുന്നത്.