തിരുവനന്തപുരം: കേരള സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ സിസ്സ തോമസിനെതിരെ കുറ്റാരോപണ പത്രിക നൽകി സർക്കാർ. വിരമിച്ച ദിവസമാണ് നടപടി. സസ്പെൻഷൻ നടപടികളിലേക്ക് സർക്കാർ കടന്നില്ല. സർക്കാരിന്റെ അനുമതിയില്ലാതെ ഗവർണറുടെ നിർദേശപ്രകാരം വിസിയുടെ താത്കാലിക ചുമതല ഏറ്റെടുത്തതിനാണ് നടപടി.
15 ദിവസത്തിനകം എതിർ സത്യവാങ്മൂലം നൽകണം. സാങ്കേതിക വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടറുടെ ചുമതല നിർവഹിക്കുന്നതിൽ വീഴ്ച വരുത്തിയെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. ഫയലുകൾ തീർപ്പാക്കുന്നതിൽ കാലതാമസമുണ്ടാകുകയും അശ്രദ്ധമായി ഫയലുകൾ കൈകാര്യം ചെയ്യുകയും ചെയ്തു. അച്ചടക്ക നടപടി സ്വീകരിക്കേണ്ട സാഹചര്യം സൃഷ്ടിച്ചതിനാലാണ് കുറ്റപത്രം സമർപ്പിക്കുന്നതെന്ന് സർക്കാർ അറിയിച്ചു.
സാങ്കേതിക വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടർ സ്ഥാനത്ത് നിന്ന് സിസ്സ തോമസിനെ സർക്കാർ നീക്കിയിരുന്നു. പകരം പദവി നൽകിയില്ല. എന്നാൽ ഈ മാസം വിരമിക്കുന്ന സിസ്സ തോമസിനെ തിരുവനന്തപുരത്ത് തന്നെ നിയമിക്കണമെന്ന് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവിട്ടു. ബാർട്ടൺ ഹിൽ ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജിന്റെ പ്രിൻസിപ്പലായി സിസ്സയെ നിയമിച്ചു.