തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് യാത്ര ചെയ്യാൻ പുതിയ ഇന്നോവ ക്രിസ്റ്റ കാർ അനുവദിച്ച് സർക്കാർ. നേരത്തെ ഉപയോഗിച്ചിരുന്ന കാർ 2.75 ലക്ഷം കി മീ ഓടിയതിനാലാണ് പുതിയ കാർ അനുവദിച്ചത്. കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തല ഉപയോഗിച്ച അതേ കാറാണ് സതീശൻ ഉപയോഗിച്ചിരുന്നത്. സംസ്ഥാന ടൂറിസം വകുപ്പിന്റെ ഉടമസ്ഥതയിലുള്ളതാണ് കാർ. 22 ലക്ഷം മുതലാണ് ഇന്നോവ ക്രിസ്റ്റയുടെ വില.
സംസ്ഥാനത്തെ കടക്കെണിയിലാക്കുകയാണ് ഇടത് സർക്കാർ ചെയ്യുന്നതെന്ന് പ്രതിപക്ഷം കഴിഞ്ഞ ദിവസം ധവളപത്രത്തിൽ ആരോപിച്ചിരുന്നു. ആംബുലൻസ് ഉൾപ്പെടെ 28 സുരക്ഷാ വാഹനങ്ങളാണ് മുഖ്യമന്ത്രിയുടെ അകമ്പടിക്കായി ഒരുക്കിയതെന്നും മുഖ്യമന്ത്രിയുടെ യാത്രയ്ക്കായി ഏഴ് കാറുകൾ വാങ്ങിയെന്നും പ്രതിപക്ഷം ആരോപിച്ചിരുന്നു. കേരളത്തിന്റെ ആകെ കടം നാല് ലക്ഷം കോടി രൂപയാണെന്നും സതീശൻ ആരോപിച്ചിരുന്നു. ‘കട്ടപ്പുറത്തെ കേരള സർക്കാർ’ എന്ന വിശേഷണത്തോടെയാണ് ധവളപത്രം ഇറക്കിയത്.
ഇതിനിടെയാണ് പ്രതിപക്ഷ നേതാവിനായി പുതിയ കാർ വാങ്ങിയത്. നേരത്തെ ഗവർണർക്കും പുതിയ കാർ അനുവദിച്ചിരുന്നു. ടൂറിസം വകുപ്പിന്റെ ചട്ടപ്രകാരം മൂന്ന് വർഷം പഴക്കമുള്ള വാഹനങ്ങൾ വിഐപി ഉപയോഗത്തിന് നൽകരുതെന്നാണ്. അംബാസഡർ കാറുകൾ ഉപയോഗിച്ചിരുന്ന കാലത്തെ നിയമമാണിത്. പക്ഷേ അത് ഇപ്പോഴും പിന്തുടരുന്നു.