തിരുവനന്തപുരം: സ്വപ്ന സുരേഷിനെതിരെ ആയിരം തവണ മാനനഷ്ടക്കേസ് നൽകുമെന്ന് വെല്ലുവിളിച്ച സി.പി.എം സെക്രട്ടറി എം.വി ഗോവിന്ദൻ മുഖ്യമന്ത്രിയെ വെട്ടിലാക്കിയെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റും ഗോവിന്ദൻ മാസ്റ്ററെ തള്ളിപ്പറഞ്ഞ് മുഖ്യമന്ത്രിയുടെ പിന്നിൽ ഒളിച്ചു. 1000 തവണ വേണ്ട, മറിച്ച് ഒരുവട്ടമെങ്കിലും മുഖ്യമന്ത്രിയെക്കൊണ്ട് മാനനഷ്ടക്കേസ് കൊടുപ്പിക്കാനാവുമോയെന്നും സുധാകരൻ വെല്ലുവിളിച്ചു.
ഒരു തവണ സ്വപ്ന ആരോപണം ഉന്നയിച്ചപ്പോഴാണ് മാനനഷ്ടക്കേസ് നൽകാമെന്നെങ്കിലും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞത്. എന്നാൽ മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങൾക്കുമെതിരെ ആയിരം തവണയെങ്കിലും സ്വപ്ന ആരോപണമുന്നയിച്ചിട്ടുണ്ട്. സ്വർണക്കടത്ത്, കറൻസി കടത്ത്, കുടുംബാംഗങ്ങളുടെ വൻ ബിസിനസ് ഇടപാടുകൾ തുടങ്ങി കേരളത്തെ ഞെട്ടിച്ച നിരവധി ആരോപണങ്ങൾ വിവിധ വേദികളിൽ ഉയർന്നിട്ടുണ്ട്. അതിനെതിരെ ഒരു ചെറുവിരൽ പോലും അനക്കാത്ത മുഖ്യമന്ത്രിയുടെ മടിയിൽ ഭാരമുണ്ടെന്ന് ജനങ്ങൾ ഉറച്ചുവിശ്വസിക്കുന്നുവെന്നും സുധാകരൻ പറഞ്ഞു.
ശനിയാഴ്ച ചേർന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ പ്രസ്താവനയിൽ മാനനഷ്ടക്കേസിനെക്കുറിച്ച് പരാമർശമില്ല. കൂടുതൽ പുതിയ കഥകൾ ഉണ്ടാകുമെന്നാണ് സെക്രട്ടേറിയറ്റ് പ്രവചിക്കുന്നത്. കൂടുതൽ വെളിപ്പെടുത്തലുകൾ ഉണ്ടാകുമെന്ന ഭയമാണ് മാനനഷ്ടക്കേസ് ഫയൽ ചെയ്യുന്നതിൽ നിന്ന് മുഖ്യമന്ത്രിയെ പിന്തിരിപ്പിക്കുന്നത്. സി.പി.എം നേതാക്കളായ തോമസ് ഐസക്, കടകംപള്ളി സുരേന്ദ്രൻ, പി. ശ്രീരാമകൃഷ്ണൻ അടക്കമുള്ളവർക്ക് മാനനഷ്ടക്കേസ് കൊടുക്കാൻ പാർട്ടി അനുമതി നൽകിയില്ലെങ്കിലും അവരും ഭയത്തിലാണെന്നും സുധാകരൻ പറഞ്ഞു.