
കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ ചാടിയ സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമി പിടിയില്‍.
കണ്ണൂര്‍ തളാപ്പിലെ ആളൊഴിഞ്ഞ വീട്ടുവളപ്പില്‍നിന്നാണ് ഇയാള്‍ പിടിയിലായത്. റോയി എന്നയാളുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തെ കിണറിന്റെ പടവില്‍ നിന്നാണ് ഇയാള്‍ പിടിയിലായതെന്ന് പോലീസ് അറിയിച്ചു. പോലീസ് സംഘം വീടു വളഞ്ഞ് ഇയാളെ കീഴ്പ്പെടുത്തുകയായിരുന്നു. ഗോവിന്ദച്ചാമിയെ കണ്ണൂര്‍ ടൗണ്‍ പോലീസ് സ്റ്റേഷനിലെത്തിച്ചു.
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ജീവപര്യന്തം തടവിന് ശിക്ഷ അനുഭവിക്കവെയാണ് ഗോവിന്ദച്ചാമി ജയില്‍ ചാടിയത്. ഇയാളുടെ വധശിക്ഷ നേരത്തെ സുപ്രീം കോടതി റദ്ദാക്കിയിരുന്നു. ഇന്ന് രാവിലെ സെല്‍ തുറന്ന് പരിശോധിച്ചപ്പോഴാണ് ഇയാള്‍ രക്ഷപ്പെട്ട വിവരമറിയുന്നത്.
സെല്ലിന്റെ അഴികള്‍ മുറിച്ചുമാറ്റിയാണ് ഇയാള്‍ പുറത്തെത്തിയത്. പുലര്‍ച്ചെ 1.15ഓടെയാണ് ഇയാള്‍ ജയില്‍ ചാടിയത്. കൈവശമുണ്ടായിരുന്ന തുണി ജയില്‍ മതിലിലെ ഫെന്‍സിംഗിനു മുകളിലേക്ക് എറിഞ്ഞുപിടിപ്പിച്ച് കയറുകയായിരുന്നു. തുണി ചേര്‍ത്തുകെട്ടി വടമാക്കിയാണ് ഇയാള്‍ പുറത്തേക്ക് ചാടിയത്. പുറത്തുനിന്ന് ഇയാള്‍ക്ക് സഹായം ലഭിച്ചെന്ന് സൂചനയുണ്ട്. സെല്ലിനകത്ത് ഗോവിന്ദച്ചാമി ഇല്ലെന്ന വിവരം ഇന്ന് രാവിലെ 7 മണിക്കാണ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് ജയിലധികൃതര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.
2011 ഫെബ്രുവരിയില്‍ പാസഞ്ചര്‍ ട്രെയിനില്‍ സഞ്ചരിക്കുകയായിരുന്ന സൗമ്യ(23)യെ ട്രെയിനില്‍നിന്ന് തള്ളിയിട്ടു പീഡിപ്പിക്കുകയും മാരകമായി പരിക്കേല്‍പ്പിക്കുകയും ചെയ്ത കേസിലെ പ്രതിയാണ് തമിഴ്നാട് കടലൂരിലെ സമത്വപുരം സ്വദേശിയായ ഗോവിന്ദച്ചാമി. യുവതി പിന്നീട് മരിച്ചു. പിടിയിലായ ഗോവിന്ദച്ചാമിയെ 2011 നവംബര്‍ 11ന് തൃശൂര്‍ ഫാസ്റ്റ് ട്രാക്ക് കോടതി വധശിക്ഷയ്ക്കു വിധിച്ചെങ്കിലും 2016 സെപ്റ്റംബറില്‍ സുപ്രീംകോടതി വധശിക്ഷ റദ്ദാക്കി ജീവപര്യന്തം തടവുശിക്ഷ നിലനിര്‍ത്തുമായിരുന്നു. ഇയാള്‍ മാനസിക വിഭ്രാന്തിയുണ്ടെന്ന് വരുത്തി ശിക്ഷയില്‍ ഇളവ് നേടാന്‍ ശ്രമിച്ചിരുന്നു. ചാര്‍ളി തോമസ് എന്ന പേരിലും ഇയാള്‍ക്കെതിരെ തമിഴ്നാട് പോലീസ് രേഖകളില്‍ കേസുകളുണ്ട്. മോഷണക്കേസുകളിലും പ്രതിയാണ് ഗോവിന്ദച്ചാമി.
