കൊച്ചി: ഫിഷറീസ് സർവകലാശാല മുൻ വൈസ് ചാൻസലർ റിജി ജോണിന്റെ നിയമനം നിയമവിരുദ്ധമാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. യു.ജി.സി ചട്ടങ്ങൾ കേരളത്തിലെ എല്ലാ സർവകലാശാലകൾക്കും ബാധകമാണെന്നു വ്യക്തമാക്കി സർക്കാർ ഉത്തരവിറക്കിയിട്ടുണ്ടെന്ന് ഗവർണർ സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടി. യു.ജി.സി ചട്ടങ്ങളിലെ മാറ്റം റിജി ജോൺ കോടതിയിൽ നിന്ന് മറച്ചുവെച്ചുവെന്ന ഗുരുതര ആരോപണവും ഗവർണർ സത്യവാങ്മൂലത്തിൽ ഉന്നയിച്ചിട്ടുണ്ട്.
വൈസ് ചാൻസലർ സ്ഥാനത്തു നിന്ന് തന്നെ നീക്കിയ ഹൈക്കോടതി വിധിക്കെതിരെ കെ റിജി ജോൺ നൽകിയ ഹർജിയിൽ ഗവർണർക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചിരുന്നു. ഈ നോട്ടീസിനു മറുപടിയായി കെ. റിജി ജോണിന്റെ നിയമനം ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് ഗവർണർ വ്യക്തമാക്കിയിട്ടുണ്ട്. നിയമനം നിയമാനുസൃതമാണെന്ന് ഗവർണർ കേരള ഹൈക്കോടതിയിൽ നിലപാടെടുത്തിരുന്നു. എന്നാൽ വൈസ് ചാൻസലർ നിയമനത്തിൽ യുജിസി ചട്ടങ്ങൾ പാലിക്കണമെന്ന രണ്ട് സുപ്രീം കോടതി വിധികളുടെ പശ്ചാത്തലത്തിലാണ് നിലപാട് മാറ്റുന്നതെന്ന് ഗവർണർ സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ചാൻസലർ എന്ന നിലയിൽ ഭരണഘടന പാലിക്കാൻ താൻ ബാധ്യസ്ഥനാണെന്നും ഗവർണർ പറഞ്ഞു.
2018ലെ യുജിസി നിയമങ്ങൾ കാർഷിക സർവകലാശാലകൾക്ക് ബാധകമല്ലെന്നായിരുന്നു റിജി ജോണിന്റെ പ്രധാന വാദം. അധ്യാപകരുടെയും അനധ്യാപക ജീവനക്കാരുടെയും നിയമനം ഉൾപ്പെടെ കേരളത്തിലെ എല്ലാ സർവകലാശാലകൾക്കും യുജിസി ചട്ടങ്ങൾ ബാധകമാണെന്ന് കാണിച്ച് 2019ൽ സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയിരുന്നു. അതിനാൽ, യുജിസി നിയമങ്ങൾ ഫിഷറീസ് സർവകലാശാലകൾക്കും ബാധകമാണെന്ന് ചാൻസലർ ചൂണ്ടിക്കാട്ടി.